തമിഴ് പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ച ട്രാന്‍സ്‌ഫോമേഷനായിരുന്നു സൂരിയുടെത്. കോമഡി നടനായി കരിയര്‍ ആരംഭിച്ച സൂരി ഏറെക്കാലം ഹാസ്യവേഷങ്ങളില്‍ തുടരുകയും പിന്നീട് വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ എന്ന ചിത്രത്തിലൂടെ സീരിയസ് കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് താരം തെളിയിക്കുകയായിരുന്നു. ചിത്രത്തിലെ കോണ്‍സ്റ്റബിള്‍ കുമരേശനായുള്ള പ്രകടനം സൂരിയ്ക്ക് വലിയ പ്രശംസ നേടി നല്‍കിയിരുന്നു.

താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ മണ്ടാടിയ്ക്ക് ആദ്യദിനം മുതല്‍ തന്നെ മികച്ച പ്രതികരണം ലഭിക്കുകയും പിന്നാലെ ബോക്സ് ഓഫീസില്‍ വലിയ കളക്ഷന്‍ സ്വന്തമാക്കാന്‍ സാധിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 130 കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. മണ്ടാടിയ്ക്കൊപ്പം ക്ലാഷിനെത്തിയ കാര്‍ത്തിയുടെ സര്‍ദാരിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ചിത്രത്തിന്റെ കുതിപ്പ്.

മണ്ടാടി. Photo: District

പിന്നാലെ സൂരി പ്രധാനവേഷത്തിലെത്തി പുറത്തിറങ്ങിയ ചിത്രമായിരുന്നു റാം സംവിധാനം ചെയ്ത യേഴ് കടല്‍ യേഴ് മലൈ. സൂരിയ്‌ക്കൊപ്പം മോളിവുഡ് സൂപ്പര്‍ താരം നിവിന്‍ പോളിയും ഈ തമിഴ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. രണ്ട് വര്‍ഷത്തോളം പെട്ടിയില്‍ കിടന്ന ശേഷം പുറത്തിറങ്ങിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ചിത്രവുമായി ബന്ധപ്പെട്ട് സുധീര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സൂരിയെ കുറിച്ച് നിവിന്‍ പോളി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. യേഴ് കടല്‍ യേഴ് മലൈയുടെ ഷൂട്ടിനിടയിലും മണ്ടാടിയ്ക്കായി താരം നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചാണ് നിവിന്‍ സംസാരിച്ചത്.

‘കോമഡിയും കൗണ്ടറും ഇംപ്രെവൈസേഷനും എല്ലാം ചെയ്യുന്ന ഒരു സൂരിയെ നമുക്കറിയാം അതേസമയം മറുവശത്ത് സൂരിയ്ക്ക് മറ്റൊരു മുഖമുണ്ട്. അതൊരു സൂപ്പര്‍ ആക്ടറിന്റെതാണ്. ചില സമയങ്ങളില്‍ സെറ്റില്‍ എട്ട് ഒമ്പത് മണി വരെയെല്ലാം ഷൂട്ട് പോകാറുണ്ട്. ഷൂട്ടിന് ശേഷം സൂരി നേരെ ജിമ്മിലേക്കാണ് പോകാറുള്ളത്. അവിടെ നിന്ന് ഒരു പത്തരയോടെയാണ് തിരിച്ചുവരിക. ഞാനും റാം സാറും സംസാരിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍ അദ്ദേഹം ഞങ്ങളുടെ കൂടെ ജോയിന്‍ ചെയ്യും.

യേഴ് കടല്‍ യേഴ് മലൈ. Photo: X.com

ഇത്രയും ഷൂട്ടും ട്രെയ്‌നിങ്ങും എല്ലാം കഴിഞ്ഞ് അദ്ദേഹം എന്തെങ്കിലും വെജിറ്റബിള്‍സ് ആയിരിക്കും കഴിക്കുക. ഞങ്ങള്‍ അവിടെ നല്ല ഫുഡെല്ലാം കഴിച്ച് ഇരിക്കുകയായിരിക്കും. ആ ഒരു ഫയര്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ അന്ന് മുതല്‍ തന്നെയുണ്ട്. ഒരു ലക്ഷ്യം വെച്ച് അതിന് വേണ്ടിയാണ് സൂരി വര്‍ക്ക് ചെയ്ത് കൊണ്ടിരുന്നത്. ഇപ്പോള്‍ മണ്ടാടി സൂപ്പറായി പോകുന്നത് അന്നത്തെ അദ്ദേഹത്തിന്റെ ഹാര്‍ഡ് വര്‍ക്കിന്റെ ഫലമാണ്,’ നിവിന്‍ പറഞ്ഞു.

Content Highlight: Nivin Pauly talks about Soori’s Hardwork for Mandadi Film