കോഴിക്കോട്: പേരാമ്പ്രയില്‍ നിന്ന് പിടികൂടിയ വവ്വാലുകളില്‍ നിപാ വൈറസിനെ കണ്ടെത്താനായില്ല. ഇത് സംബന്ധിച്ചുള്ള പരിശോധന ഫലങ്ങള്‍ പുറത്തുവന്നു. ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്റെ ഉറവിടം പേരാമ്പ്രയിലെ വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചത്.

രോഗം ആദ്യം സ്ഥിരീകരിച്ച ചങ്ങരോത്തെ മൂസയുടെ വീട്ടിലെ കിണറ്റിലെ വവ്വാലുകളെയാണ് പരിശോധിച്ചത്. രക്തം, സ്രവം, തൊലി എന്നിവയടക്കം വവ്വാലില്‍ നിന്ന് എടുത്ത നാല് സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിരുന്നത്.

ഇത് കൂടാതെ സമീപത്തെ പശു, ആട്, മുയല്‍ എന്നീ ജീവികളുടെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരുന്നു. മൊത്തം 25 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.

പഴങ്ങള്‍ കഴിക്കുന്ന വവ്വാലുകളില്‍ നിന്നാണ് നിന്നാണ് വൈറസ് പടരുകയെന്ന് നേരത്തെ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു. പേരാമ്പ്രയില്‍ നിന്ന് പിടികൂടിയത് ഇത്തരം വവ്വാലുകളെ അല്ല.


Also Read  നിപ്പാ വൈറസ് പേടിച്ച് വവ്വാലുകളെ കൊന്നൊടുക്കുന്നതിന് മുന്‍പ്


കിണറ്റിനുള്ളില്‍ നിന്നും ലഭിച്ചത് ഇന്‍സെക്ടിവോര്‍സ് വവ്വാലുകളെ ആണ്. അതായത് ചെറിയ വവ്വാലുകളെ. ഇപ്പോള്‍ പിടിച്ച സ്പീഷീസില്‍ നിപ്പാ വൈറസിന്റെ സാന്നിധ്യം മുന്‍പ് കണ്ടുപിടിച്ചിട്ടില്ലാത്തതാണ്.

ചെറു പ്രാണികളും കൊതുകുകളും നിശാശലഭങ്ങളും ഒക്കെയാണ്  ആഹാരം.  ശരീരഭാരത്തിന് അടുപ്പിച്ച് ആഹാരം ഇവര്‍ ദിവസവും അകത്താക്കും.സസ്യങ്ങളില്‍ ചില രോഗങ്ങള്‍ ഉണ്ടാക്കുന്ന നിശാശലഭങ്ങളെയും അകത്താക്കും. അഞ്ച് കിലോമീറ്റര്‍ ഒക്കെയാണ് ദിവസ സഞ്ചാരം. 10 കിലോമീറ്ററിനപ്പുറം പോകാനുള്ള കഴിവൊന്നും ഇല്ല. ചെറിയ വവ്വാലുകള്‍ ആകെ അന്‍പതോളം സ്പീഷീസുകള്‍ കേരളത്തിലുണ്ട്.

ഫ്രൂട്ട് വവ്വാലുകള്‍, അഥവാ വലിയ വവ്വാലുകള്‍ കേരളത്തിലാകെ ആറ് സ്പീഷീസ്. ഒന്നില്‍ നിന്നും കേരളത്തില്‍ ഇതുവരെ നിപ്പാ വൈറസ് കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ കേരളത്തിനു വെളിയില്‍ ഇതിലെ മൂന്ന് സ്പീഷീസുകളില്‍ നിന്നും വൈറസിനെ കണ്ടുപിടിച്ചിട്ടുണ്ട്.

വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന നടത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. രോഗം ആദ്യം സ്ഥിരീകരിച്ച സാബിത്ത് സഞ്ചരിച്ച സ്ഥലങ്ങള്‍ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.