2009ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ചൈല്‍ഡ് ആര്‍ടിസ്റ്റായി എത്തുകയും പിന്നീട് 2015ല്‍ പുറത്തിറങ്ങിയ ലൗ 24*7 എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേത്രായാണ് നിഖില വിമല്‍. പിന്നാലെ മുന്‍നിര തമിഴ് തെലുങ്ക് ചിത്രങ്ങളിലും താരം പ്രധാനവേഷങ്ങളിലെത്തുകയും സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്തിരുന്നു.

നിഖില വിമല്‍. Photo: Nikhila Vimal/ Facebook.com

ശക്തമായ അഭിനയവും തുറന്ന അഭിപ്രായപ്രകടനവും കൊണ്ട് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടാന്‍ നിഖില വിമലിന് സാധിച്ചിരുന്നു. വ്യക്തമായ നിലപാടുകള്‍ തുറന്നുപറയുന്ന സ്വഭാവം കാരണം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, പ്രൊഫഷണല്‍ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് നിഖില പലപ്പോഴും നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ധൂമകേതു ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സുധി മാഡിസണ്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ടൈം ലൂപ്പ് ചിത്രത്തില്‍ സജിന്‍ ഗോപു, ഗണപതി, ഷൈന്‍ ടോം ചാക്കോ, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവേ വിദ്യാര്‍ത്ഥികളോടെ രാഷ്ട്രീയം വേണമെന്ന് പറയുകയാണ് നിഖില.

നിഖില വിമല്‍. Photo: Nikhila Vimal/ Facebook.com

‘ഇവിടെ പ്രിന്‍സിപ്പാള്‍ പറഞ്ഞ ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ജാതി മത വര്‍ഗീയ രാഷ്ട്രീയ ബോധങ്ങള്‍ നമുക്ക് ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാണ്. ജാതി, മത വര്‍ഗീയത നമുക്ക് ഉണ്ടാകരുത്. പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അതില്‍ കക്ഷി രാഷ്ട്രീയം വേണം എന്ന് ഞാന്‍ പറയില്ല. നിങ്ങള്‍ എന്ത് ഭക്ഷണം കഴിക്കണം എന്നുള്ളതിലും, എന്ത് കഴിക്കണം, എങ്ങനെ സംസാരിക്കണം, പ്രവര്‍ത്തിക്കണം എന്നുള്ളതിലെല്ലാം ഒരു രാഷ്ട്രീയമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ രാഷ്ട്രീയം ജീവിതത്തില്‍ ഉണ്ടായിരിക്കുക എന്നുള്ളതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്,’ നിഖില പറഞ്ഞു.

Content Highlight: Nikhila Vimal talks about necessary of having politics in life