ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ ഐസ നേതാവ് നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വനിതാ പൊലീസ് ഇല്ലാതെ പുരുഷ പൊലീസുകാരാണ് നേഹയെ കസ്റ്റഡിയിലെടുത്തതെന്ന് ഐസ എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

‘അംഗീകൃതമല്ലാത്ത ഒരു സ്വകാര്യ വാഹനത്തിലാണ് ദല്‍ഹി പൊലീസ് ഐസ പ്രസിഡന്റ് നേഹ ബോറയെ കൊണ്ടുപോയത്. ഒപ്പം ഒരു വനിതാ പോലീസുകാരി പോലുമില്ലായിരുന്നു,’ എക്‌സ് പോസ്റ്റില്‍ പറയുന്നു.

നേഹയെ എവിടേക്കാണ് കൊണ്ടുപോയതെന്ന് തങ്ങള്‍ക്കറിയില്ലെന്നും ഐസ വ്യക്തമാക്കി. നേഹ എവിടെയാണെന്ന വിവരം ലഭ്യമല്ല. ദല്‍ഹി പൊലീസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നുവെന്നും ഐസയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

‘ദല്‍ഹി പൊലീസ് നേഹയെ എവിടേക്കാണ് സ്വന്തം നിലയ്ക്ക് കൊണ്ടുപോകുന്നത്?, ഇത് തടങ്കലില്‍ വെക്കലല്ല, തട്ടിക്കൊണ്ടുപോകലാണ്!,’ എന്ന നേഹ ബോറയുടെ എക്‌സ് അക്കൗണ്ടിലൂടെ ഐസ പ്രവര്‍ത്തകര്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറയുന്നു.

തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ എ.സി.പി വിവേക് ഭഗതിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി മുതല്‍ പ്രതിഷേധിച്ചുവരികയായിരുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയെയും ദല്‍ഹി പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ഐസ അറിയിച്ചു. ദല്‍ഹി പോലീസ് സംരക്ഷകരല്ല, അവര്‍ കുറ്റവാളികളാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കാന്‍ ദല്‍ഹി പൊലീസ് സ്വകാര്യ ബസുകളും വാഹനങ്ങളും ഉപയോഗിക്കുന്നുവെന്നും ഐസ ചൂണ്ടിക്കാട്ടി.

പൊലീസ് ഇത്തരം നടപടികള്‍ സ്വീകരിക്കുമ്പോളും ജനങ്ങളുടെ നിശ്ചയദാര്‍ഢ്യം വര്‍ധിച്ചുവരികയാണ്. കസ്റ്റഡിയിലെടുക്കാന്‍ കൊണ്ടുവന്ന ഈ സ്വകാര്യ വാഹനങ്ങളെ തടയാന്‍ ദല്‍ഹി പൊലീസിന്റെ ഔദ്യോഗിക ബസുകള്‍വച്ച് ജനങ്ങള്‍ തടയുന്നുണ്ടെന്നും ഐസയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലെ പോസ്റ്റില്‍ പറയുന്നു.

ദല്‍ഹിയില്‍ ഐസ, എ.ഐ.എസ്.എഫ് എന്നീ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ നേരത്ത മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഗ്യാനേഷിന്റെ രാജിക്കായുള്ള പ്രതിഷേധത്തിന് പുറമെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേര്‍ക്കുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ അതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധവും തലസ്ഥാനത്ത് ഇന്ന് (ഒക്ടോബര്‍ നാല്, ഞായര്‍) നടന്നു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയായിരുന്നു സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയ്ക്കെതിര പൊലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം.

Content Highlight: Neha Bora has been picked up by Delhi Police in an unauthorised vehicle- Says AISA