മുംബൈ: നീറ്റ്-യു.ജി ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കോച്ചിങ് സെന്ററുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കോച്ചിങ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുമുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
ഈ നിയമം നിലവില്‍ വരുന്നതോടെ 25-ലധികം വിദ്യാര്‍ത്ഥികളുള്ള കോച്ചിങ് സെന്ററുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. സ്‌കൂളുകളും കോച്ചിങ് സെന്ററുകളും തമ്മിലുള്ള കോച്ചിങ് സംവിധാനത്തിനും നിയന്ത്രണമേര്‍പ്പെടുത്തും. കെട്ടിടങ്ങളുടെ ബേസ്‌മെന്റുകളില്‍ കോച്ചിങ് സെന്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വിലക്കുണ്ടാകുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കോച്ചിങ് സെന്ററുകളിലെ അധ്യാപകരുടെ യോഗ്യത, ഫീസ്, റീഫണ്ട് നയം തുടങ്ങിയ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കണം. വിദ്യാര്‍ഥികള്‍ക്ക് ദിവസം പരമാവധി അഞ്ച് മണിക്കൂര്‍ മാത്രമേ ക്ലാസ് നടത്താവൂ. ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണമെന്നും കൗണ്‍സിലിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും കരട് ബില്ലില്‍ നിര്‍ദേശിക്കുന്നു.
ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ കേസുള്ളവരെ അധ്യാപകരായി നിയമിക്കുന്നതിനും നിയന്ത്രണമുണ്ടാകും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ പിഴ ചുമത്താനും ആവര്‍ത്തിച്ചുള്ള ലംഘനങ്ങളില്‍ സ്ഥാപനം അടച്ചുപൂട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
നീറ്റ് ഉള്‍പ്പെടെയുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളെ അമിത സമ്മര്‍ദത്തില്‍നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യവും പുതിയ നിയമത്തിനുണ്ട്.
നീറ്റ്-യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് മൂന്ന് മാസത്തിന് ശേഷമാണ് മഹാരാഷ്ട്ര പ്രൈവറ്റ് കോച്ചിങ് സെന്റേസ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റഗുലേഷന്‍ ആക്ട്) ബില്‍ 2026 ന്റെ കരട് പുറത്തിറക്കിയത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ 13 പേരില്‍ ഒമ്പത് പേര്‍ മഹാരാഷ്ട്രയില്‍ ഉള്ളവരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കോച്ചിങ് ഹബ്ബുകളായ ലാത്തൂരും പൂനെയിലും ശക്തമായ പരിശോധനകള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കരട് ബില്ലില്‍ സെപ്തംബര്‍ നാല് വരെ പൊതുജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങളും എതിര്‍പ്പുകളും സ്വീകരിക്കും.
Content Highlights: NEET Paper Leak: Maharashtra Introduces New Law to Regulate Coaching Centres
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.