'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' 2029-ൽ നടപ്പാക്കാൻ എൻ.ഡി.എ നീക്കം; സംസ്ഥാന നിയമസഭകൾ കാലാവധിക്ക് മുൻപ് പിരിച്ചുവിട്ടേക്കും
India
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' 2029-ൽ നടപ്പാക്കാൻ എൻ.ഡി.എ നീക്കം; സംസ്ഥാന നിയമസഭകൾ കാലാവധിക്ക് മുൻപ് പിരിച്ചുവിട്ടേക്കും
ശ്രീലക്ഷ്മി പി.പി
Sunday, 23rd August 2026, 11:38 am

ന്യൂദൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി നിശ്ചയിച്ചതിലും നേരത്തെ തന്നെ നടപ്പിലാക്കാൻ കേന്ദ്രം. 2029 ൽ തന്നെ നടപ്പിലാക്കാൻ ആണ് എൻ.ഡി.എ നീക്കം. ഇതിന്റെ ഭാഗമായി തങ്ങൾക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകൾ കാലാവധി പൂർത്തിയാകുന്നതിന് മുൻപേ പിരിച്ചുവിട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം പൊതുവോട്ടെടുപ്പ് നടത്താനാണ് ആലോചന നടക്കുന്നത്.

2034-ഓടെ രാജ്യമൊട്ടാകെ ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള ബില്ലുകൾ പരിശോധിക്കുന്നതിനായി രൂപീകരിച്ച പാർലമെന്ററി സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, നിയമ-സാമ്പത്തിക വിദഗ്ധർ എന്നിവരുമായി നിലവിൽ വിപുലമായ ചർച്ചകൾ നടത്തിവരികയാണ്. സമിതി ഈ വർഷത്തെ ശീതകാല സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കും.

അടുത്ത രണ്ട് വർഷങ്ങളിൽ എൻ.ഡി.എ സംസ്ഥാനങ്ങളിൽ ഭരണം നിലനിർത്തുകയാണെങ്കിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 174(2)(b) പ്രകാരം മന്ത്രിസഭയുടെ ശുപാർശയിൽ ഗവർണർമാർക്ക് 2029 ജനുവരിയോടെ നിയമസഭകൾ പിരിച്ചുവിടാൻ സാധിക്കും.

ഇത്തരത്തിൽ സഭ പിരിച്ചുവിട്ടാൽ ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. നിലവിൽ ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ വോട്ടെടുപ്പും നടക്കുന്നത്. എന്നാൽ പുതിയ നീക്കം നടപ്പിലായാൽ ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ കാലാവധി മൂന്ന് മുതൽ നാല് വർഷം വരെ വെട്ടിച്ചുരുക്കേണ്ടി വരും.

അതേസമയം, പ്രതിപക്ഷ പാർട്ടികൾ ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോൺഗ്രസ് വിമർശിച്ചു. 2029-ൽ ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്ന പ്രചാരണം സാങ്കൽപ്പികം മാത്രമാണെന്നും പാർലമെന്ററി സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ നിലപാടിൽ മാറ്റമില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.

കർണാടക, തെലങ്കാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് തുടങ്ങിയ പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളിലെ സർക്കാരുകളെയും ഈ തീരുമാനം ബാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ രാഷ്ട്രീയ തർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.

Content Highlight:NDA Moves to Implement ‘One Nation, One Election’ in 2029; State Assemblies May Be Dissolved Before Their Terms End.

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.