ഇനിയെന്തായാലും എനിക്ക് സിനിമ ചെയ്യാന്‍ പറ്റില്ല; ഇതുപോലെ സ്‌ക്രിപ്റ്റ് തെരഞ്ഞെടുത്താല്‍ നസ്‌ലെന്‍ സ്റ്റേറ്റ് അവാര്‍ഡ് തൂക്കുമെന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
ഇനിയെന്തായാലും എനിക്ക് സിനിമ ചെയ്യാന്‍ പറ്റില്ല; ഇതുപോലെ സ്‌ക്രിപ്റ്റ് തെരഞ്ഞെടുത്താല്‍ നസ്‌ലെന്‍ സ്റ്റേറ്റ് അവാര്‍ഡ് തൂക്കുമെന്ന് സോഷ്യല്‍ മീഡിയ
അമര്‍നാഥ് എം.
Sunday, 5th July 2026, 2:06 pm

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരുന്ന സിനിമകളിലൊന്നാണ് മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിവന് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് പറയുന്നത്. തിയേറ്ററില്‍ തരക്കേടില്ലാത്ത വിജയം നേടിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തി.

ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് മോളിവുഡ് ടൈംസിന് ഒ.ടി.ടി റിലീസിന് ശേഷം ലഭിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് പോലെ ഡാര്‍ക്ക് കോമഡി പ്രതീക്ഷിച്ചതുകൊണ്ടാണ് പലരും നിരാശരായത്. സിനിമാലോകത്തെ അറിയാക്കഥകളും ചതികളും പച്ചക്ക് വരച്ചുകാണിക്കുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്.

മോളിവുഡ് ടൈംസ് Photo: Think Music India

സിനിമക്ക് മൊത്തത്തില്‍ സമ്മിശ്ര പ്രതികരണമായിരുന്നെങ്കിലും എല്ലാവരും ഒരുപോലെ പ്രശംസിക്കുന്നത് നായകനായ നസ്‌ലെന്റെ പ്രകടനത്തെയാണ്. വിനീത് മാധവന്‍ എന്ന സിനിമാപ്രേമിയായി നസ്‌ലെന്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇതുവരെ കണ്ട നസ്‌ലെനെ ഈ സിനിമയില്‍ ഒരിടത്തുപോലും കാണാനായില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ഇന്റര്‍വെല്ലിന് മുമ്പ് സംഗീത് പ്രതാപ് അവതരിപ്പിച്ച അര്‍ജുന്‍ ഹരിദാസുമായുള്ള സീനിനെയാണ് പലരും എടുത്തുപറയുന്നത്. അര്‍ജുന്റെ ആദ്യ സിനിമ കണ്ടതിന് ശേഷം വിനീത് അഭിപ്രായം പറയുന്ന സീന്‍ അതിഗംഭീരമാണെന്ന് പല പോസ്റ്റുകളും അഭിപ്രായപ്പെടുന്നുണ്ട്. തന്റെ അതേ മേക്കിങ് സ്റ്റൈലിലാണ് അര്‍ജുന്‍ ഹരിദാസ് സിനിമ ഒരുക്കിയതെന്ന് തിരിച്ചറിയുന്നതും പിന്നീട് അതിനെക്കുറിച്ച് സംസാരിക്കുന്ന സീനും നസ്‌ലെനിലെ നടനെ അടയാളപ്പെടുത്തുന്ന ഒന്നാണെന്ന് സംശയമില്ലാതെ പറയാം.

മോളിവുഡ് ടൈംസ് Photo: Jio Hotstar

‘നാളെ അര്‍ജുന്‍ ഹരിദാസിനെ ഇമിറ്റേറ്റ് ചെയ്യുന്ന മറ്റൊരു ഫിലിം മേക്കര്‍, അതായിരിക്കും എന്റെ ടാഗ്’, ‘കഥ മാത്രമല്ല മോഷണം, ഇതിപ്പോള്‍ നീയെന്നെ ഡിസ്‌ട്രോയ് ചെയ്തു’, ‘ഈ പടം ബ്ലോക്ക്ബസ്റ്ററാകും, അത് നിനക്ക് ഉറപ്പില്ലെങ്കിലും എനിക്ക് നല്ല ഉറപ്പാ’ എന്നീ ഡയലോഗുകളില്‍ നസ്‌ലെന്‍ വരുത്തിയ മോഡുലേഷനും പെര്‍ഫോമന്‍സും എടുത്തുപറയേണ്ട ഒന്നാണ്.

അടുത്ത വര്‍ഷത്തെ സ്റ്റേറ്റ് അവാര്‍ഡിന്റെ ഫൈനല്‍ റൗണ്ടിലേക്ക് വിനീത് മാധവനും ഉണ്ടായേക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒരുപക്ഷേ അവാര്‍ഡ് ലഭിച്ചില്ലെങ്കിലും അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല പെര്‍ഫോമന്‍സ് മോളിവുഡ് ടൈംസിലേതാണെന്നും കമന്റുകളുണ്ട്. ഇതേ രീതിയില്‍ സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുത്താല്‍ അടുത്ത് തന്നെ സ്റ്റേറ്റ് അവാര്‍ഡ് നസ്‌ലെന്‍ സ്വന്തമാക്കുമെന്നും ചിലര്‍ പ്രവചിക്കുന്നു.

Content Highlight: Naslen’s performance in Mollywood times getting appreciation after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം