കൊമ്പുകളെ വിടൂ, വേരുകള്‍ക്ക് ബലം നല്‍കൂവെന്ന് നജീബ് കാന്തപുരം; പ്രവര്‍ത്തകരുടെ രോഷം, പിന്നാലെ പോസ്റ്റും വിശദീകരണ പോസ്റ്റും മുക്കി
Kerala News
കൊമ്പുകളെ വിടൂ, വേരുകള്‍ക്ക് ബലം നല്‍കൂവെന്ന് നജീബ് കാന്തപുരം; പ്രവര്‍ത്തകരുടെ രോഷം, പിന്നാലെ പോസ്റ്റും വിശദീകരണ പോസ്റ്റും മുക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th September 2022, 11:15 pm

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാക്കള്‍ക്കിടയിലെ പൊട്ടിത്തെറികള്‍ക്കിടയില്‍ ശ്രദ്ധനേടി നജീബ് കാന്തപുരം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ചില നേതാക്കള്‍ സി.പി.ഐ.എമ്മിനോട് മൃദുസമീപനം സ്വീകരിക്കുന്നവെന്ന് ആരോപിച്ച് കെ.എം. ഷാജി നടത്തിയ പ്രസംഗത്തിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് നടത്തിയ വിമര്‍ശനങ്ങളോടുള്ള പ്രതികരണമായിട്ടായിരുന്നു നജീബിന്റെ പോസ്റ്റ്. കൊമ്പുകളെ വിടൂ, വേരുകള്‍ക്ക് ബലം നല്‍കുന്നതിലാണ് ശ്രദ്ധ വേണ്ടതെന്നാണ് നജീബ് കാന്തപുരം പറയുന്നത്.

‘വന്‍മരങ്ങളെ പോലും കടപുഴക്കുന്ന കൊടുങ്കാറ്റുകള്‍ക്കിടയില്‍ അകന്നു നില്‍ക്കുന്ന മരങ്ങളുടെ വേരുകള്‍ പോലും മണ്ണിനടിയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കാന്‍ വെമ്പുകയാണ്.

കൊമ്പുകളിലല്ല. വേരുകള്‍ക്ക് ബലം നല്‍കുന്നതിലാണ് ശ്രദ്ധ വേണ്ടത്. കൊമ്പുകളെ വിടൂ. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ വേരുകളിലേക്ക് ശ്രദ്ധചെലുത്തൂ. കിളികള്‍ പറന്നുപോകും. മരം ബാക്കിയാവും. മരം ബാക്കിയാവുക തന്നെ വേണം,’ എന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ പോസ്റ്റ്. എന്നാല്‍ പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ നജീബ് കാന്തപുരം ഈ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

അനാവശ്യ വിവാദം ഒഴിവാക്കണമെന്നാണ് ഉദ്ദേശിച്ചത് എന്നാണ് മറ്റൊരു പോസ്റ്റില്‍ നജീബ് കാന്തപുരം വിശദീകരണം നല്‍കിയത്. ഈ പോസ്റ്റും അദ്ദേഹം പിന്‍വലിച്ചിട്ടുണ്ട്.

ലീഗ് ഒരു വലിയ വടവൃക്ഷമാണ്. അതിന്റെ കൊമ്പില്‍ കയറി വല്ലാതെ കസര്‍ത്ത് കളിച്ചാല്‍ ചിലപ്പോള്‍ കൊമ്പൊടിയും. മറ്റു ചിലപ്പോള്‍ തെന്നിവീഴും. രണ്ടായാലും വീഴുന്നവര്‍ക്ക് മാത്രമാണ് പരിക്ക്. ഈ വടവൃക്ഷത്തിന് ഒരു പരിക്കും ഏല്‍ക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പി.കെ. ഫിറോസ് പറഞ്ഞത്.

പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം കേട്ട് താന്‍ പാര്‍ട്ടി വിട്ട് ശത്രുപാളയത്തിലേക്ക് പോകുമെന്ന് ആരും കരുതേണ്ടെന്നായിരുന്നു കെ.എം. ഷാജി മസ്‌കറ്റില്‍ കെ.എം.സി.സി വേദിയില്‍ പറഞ്ഞത്.

മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കള്‍ ഷാജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കെ.എം. ഷാജി തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തില്‍ പൊതുവേദികളില്‍ പ്രസംഗിക്കുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അടക്കമുള്ളവരെ അപമാനിക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

അതേസമയം, പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ കെ.എം. ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിബാഹ് തങ്ങള്‍ പറഞ്ഞു.

പരസ്യമായുള്ള അഭിപ്രായ പ്രകടനം ശരിയല്ലെന്നും, പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലാണ് പറയേണ്ടതെന്നും അദ്ദേഹം വിശദമാക്കി. മസ്‌കറ്റ് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ഇത് സംബന്ധിച്ച് കെ.എം. ഷാജിയോട് വിശദീകരണം ചോദിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:  Najeeb Kanthapuram MLA’s Facebook post garners attention amid outbursts among Muslim League leaders