'എത്തിയോ, ഒരു ചായ കുടിച്ചുപോകാം'; ഫെഡറല്‍ ബാങ്കിന്റെ പരസ്യത്തെ ജോഡോ യാത്രയുമായി കണക്ട് ചെയ്ത് ട്രോളുകള്‍
Kerala News
'എത്തിയോ, ഒരു ചായ കുടിച്ചുപോകാം'; ഫെഡറല്‍ ബാങ്കിന്റെ പരസ്യത്തെ ജോഡോ യാത്രയുമായി കണക്ട് ചെയ്ത് ട്രോളുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th September 2022, 10:24 pm

കോഴിക്കോട്: ഫെഡറല്‍ ബാങ്കിന്റെ പുതിയ പരസ്യത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെടുത്തി ട്രോളുകള്‍. പോപ്‌കോണ്‍ ക്രിയേറ്റീവ്‌സ് ചെയ്ത പരസ്യമാണ് ട്രോളന്‍മാരും ഇടതു പ്രൊഫൈലുകളും ഏറ്റെടുത്തിരിക്കുന്നത്. പ്രവാസികളെ ഉദ്ദേശിച്ചാണ് പോപ്‌കോണ്‍ ക്രിയേറ്റീവ്‌സ് ഫെഡറല്‍ ബാങ്കിനായി മൂന്ന് ഡിസൈനുകള്‍ തയ്യാറാക്കിയതും ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചതും.

ഇതില്‍ ‘എത്തിയോ ഒരു ചായ കുടിച്ചുപോകാം’ എന്ന ക്യാപ്ഷനോടെ ചായക്കടയുടെ ചിത്രം പങ്കുവെച്ച പരസ്യമാണ് ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെടുത്തി ട്രോള്‍ ചെയ്യപ്പെടുന്നത്.

‘ഇന്ത്യയുടെ ആത്മാവ് തട്ടുകടകളിലും ഫുഡ് ചാനലുകളിലും ആണെന്ന് പ്രഖ്യാപിച്ച തൈര് ഫെയിമിന് ഫെഡറല് ബാങ്കിന്റെ ആദരം, ഫെഡറല്‍ ബാങ്ക് മുത്താണ്, ഫെഡറല്‍ ബാങ്കിന്റെ നല്ല സമയം,’ തുടങ്ങിയ ക്യാപ്ഷനുകള്‍ പങ്കുവെച്ചാണ് ഇടതുപ്രെഫൈലുകള്‍ ഈ പരസ്യം പ്രചരിപ്പിക്കുന്നത്.

കേരളത്തില്‍ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ഹോട്ടലുകളിലും തട്ടുകടകളിലും സന്ദര്‍ശനം നടത്തുന്നതുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകളുള്ളത്.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഒമ്പതാം ദിവസമായ ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചിരുന്നു. ജില്ലാ അതിര്‍ത്തിയായ ഓച്ചിറയില്‍ വന്‍ സ്വീകരണമാണ് രാഹുലിന് ലഭിച്ചത്.

രാവിലെ ഏഴിന് കൊല്ലം ജില്ലാ അതിര്‍ത്തിയായ കൃഷ്ണപുരത്ത് വെച്ച് രാഹുല്‍ ഗാന്ധിയെ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരിച്ചു. ആലപ്പുഴയില്‍ ആദ്യ ദിനം യാത്ര നങ്ങ്യാര്‍കുളങ്ങരയിലാണ് സമാപിച്ചത്.
ഞായറാഴ്ച രാവിലെ ഏഴിന് ഹരിപ്പാട് നിന്ന് തുടങ്ങി വണ്ടാനം മെഡിക്കല്‍ കോളജ് ജങ്ഷനില്‍ യാത്ര സമാപിക്കും.

CONTENT HIGHLIGHTS:  Trolls have linked Federal Bank’s new ad with Congress leader Rahul Gandhi’s Bharat Jodo Yatra