67 ശതമാനം ആളുകളും പറയുന്നു ഇന്ത്യന്‍ ടീം സെലക്ഷന്‍ വെറും തോല്‍വി; സര്‍വേ ഫലങ്ങള്‍ പുറത്ത്
Sports News
67 ശതമാനം ആളുകളും പറയുന്നു ഇന്ത്യന്‍ ടീം സെലക്ഷന്‍ വെറും തോല്‍വി; സര്‍വേ ഫലങ്ങള്‍ പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th September 2022, 10:37 pm

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം മോശം ടീം സെലക്ഷനാണെന്ന് സര്‍വേ ഫലങ്ങള്‍. 67 ശതമാനത്തോളം ആളുകളാണ് ഇന്ത്യയുടേത് മോശം ടീം സെലക്ഷനാണെന്ന് അഭിപ്രായപ്പെട്ടത്.

മലയാള മനോരമ നടത്തിയ സര്‍വേയിലാണ് ഇന്ത്യന്‍ ടീമിന്റെ പരാജയത്തെ കുറിച്ച് ആരാധകര്‍ വിലയിരുത്തിയത്.

ഓണ്‍ലൈനായാണ് സര്‍വേ സംഘടിപ്പിച്ചത്. ഇന്ത്യയുടെ പരാജയത്തിന് കാരണമെന്തെന്ന് ആരാധകരോട് ചോദിച്ച സര്‍വേയില്‍ അവര്‍ക്ക് തെരഞ്ഞെടുക്കാനായി വിവിധ ഓപ്ഷനുകളും നല്‍കിയിരുന്നു.

ഇതില്‍ ഏറ്റവുമധികം പേര്‍ ഇന്ത്യയുടെ പരാജയകാരണമായി വിലയിരുത്തിയത് മോശം ടീം സെലക്ഷനെയാണ്. 66.91 ശതമാനം ആളുകള്‍ ‘ടീം സെലക്ഷനിലെ പിഴവുകള്‍’ എന്ന ഓപ്ഷനാണ് തെരഞ്ഞെടുത്തത്.

ടീമിന്റെ ‘അമിത ആത്മവിശ്വാസമാണ്’ ഇന്ത്യയെ പടുകുഴിയിലേക്ക് തള്ളിയിട്ടതെന്നാണ് രണ്ടാമതായി ഏറ്റവുമധികം പേര്‍ അഭിപ്രായപ്പെട്ടത്.

3.79 ശതമാനം ആളുകള്‍ എക്‌സസ്സീവ് ക്രിക്കറ്റാണ് പരാജയത്തിനുള്ള കാരണമായി വിലയിരുത്തിയതെങ്കില്‍ 2.93 ശതമാനം ആളുകള്‍ താരങ്ങളുടെ പ്രായക്കൂടുതലിനെയാണ് കുറ്റപ്പെടുത്തിയത്.

സര്‍വേയിലെ മറ്റൊരു ചോദ്യം ബാറ്റര്‍മാരുടെ പരാജയത്തെ കുറിച്ചായിരുന്നു. ഇതില്‍ ഓള്‍ റൗണ്ടര്‍മാര്‍ തിളങ്ങാത്തതാണ് ഇന്ത്യയുടെ പരാജയ കാരണമായി ഏറ്റവുമധികം ആളുകള്‍ (33.09 ശതമാനം) കണക്കാക്കിയത്. ഏകദിന ഫോര്‍മാറ്റിനെ പോലെ ബാറ്റ് വീശിയത് തിരിച്ചടിയായെന്ന് 31.14 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു.

ബൗളിങ്ങില്‍ ഇന്ത്യ നേരിട്ട തിരിച്ചടിയെ കുറിച്ചുള്ള ചോദ്യത്തിന് 40.05 ശതമാനം ആളുകള്‍ തെറ്റായ ബൗളിങ് ചെയ്ഞ്ചുകള്‍ ഇന്ത്യക്ക് വിനയായെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 34.68 ശതമാനം പേരും ഡെത്ത് ഓവറുകളെയാണ് പഴിച്ചത്.

ഏറ്റവുമധികം മിസ് ചെയ്ത താരത്തെ കുറിച്ചുള്ള ചോദ്യത്തിന് ഏറ്റവുമധികം ആളുകള്‍ ജസ്പ്രീത് ബുംറയെ ആണ് തെരഞ്ഞെടുത്തത്. 43.59 ശതമാനം ആളുകള്‍ ബുംറ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായേനെ എന്ന് അഭിപ്രായമുള്ളവരാണ്. 42.59 ശതമാനം ആളുകള്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ചവരായിരുന്നു.

 

 

അതേസമയം, ടി-20 ലോകകപ്പിനുള്ള ടീമിനെയും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഏഷ്യാ കപ്പ് സ്‌ക്വാഡില്‍ നിന്നും കാര്യമായ മാറ്റമില്ലാതെയാണ് ടീം അനൗണ്‍സ് ചെയ്തിരിക്കുന്നത്.

പരിക്കേറ്റ് പുറത്തായ ബുംറയും ഹര്‍ഷല്‍ പട്ടേലും ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ പരിക്കേറ്റ രവീന്ദ്ര ജഡേജ പുറത്തായതാണ് സ്‌ക്വാഡിലെ ഏറ്റവും വലിയ മാറ്റം.

 

Content Highlight:  Survey reports says poor team selection was the main reason for India’s loss in the Asia Cup