തെന്നിന്ത്യന്‍ സിനിമാ താരങ്ങളായ സാമന്തയും നാഗചൈതന്യയും തങ്ങള്‍ വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി സിനിമാ ലോകത്ത് നിറഞ്ഞ് നിന്ന ചര്‍ച്ചകള്‍ക്കും ഗോസിപ്പുകള്‍ക്കും വിരാമമിട്ടു കൊണ്ടായിരുന്നു ഇരുവരും പിരിയാന്‍ തീരുമാനിച്ച കാര്യം തുറന്ന് പറഞ്ഞത്.

ഇപ്പോള്‍ തെലുങ്ക് സൂപ്പര്‍സ്റ്റാറും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന ഇരുവരുടേയും വിവാഹമോചന വാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് നാഗാര്‍ജുന കുറിപ്പ് പങ്കുവെച്ചത്.

സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം നിര്‍ഭാഗ്യകരമാണെന്നായിരുന്നു നാഗചൈതന്യയുടെ പ്രതികരണം. സാമന്ത എന്നും തങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കുമെന്നും നാഗാര്‍ജുന പറഞ്ഞു.

”ഹൃദയവേദനയോടെ ഞാനിത് പറയട്ടെ! ‘സാമി’നും ‘ചൈ’ക്കുമിടയില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ഒരു ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമാണ്.

സാമും ‘ചൈ’യും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബത്തിന് എന്നും വിലയേറിയതായിരിക്കും. അവള്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം അവര്‍ക്ക് രണ്ട് പേര്‍ക്കും കരുത്ത് നല്‍കട്ടെ,” നാഗാര്‍ജുന ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സാമന്ത തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചത്.

”ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഭാര്യ-ഭര്‍ത്താവ് എന്ന നിലയില്‍ നിന്ന് പിരിഞ്ഞ് സ്വന്തം വഴികള്‍ തേടാന്‍ ഞാന്‍ തീരുമാനിച്ചു. ഞങ്ങള്‍ക്കിടയിലുള്ള ഈ സൗഹൃദം ഇനിയങ്ങോട്ടും തുടരുമെന്ന് വിശ്വസിക്കുന്നു.

ഈ ബുദ്ധിമുട്ടേറിയ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കണമെന്ന് ആരാധകരോടും മാധ്യമങ്ങളോടും ഞങ്ങളെ സ്നേഹിക്കുന്നവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി,” എന്നായിരുന്നു സാമന്ത പറഞ്ഞത്.

ഇതേ കുറിപ്പ് തന്നെ നാഗചൈതന്യയും തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.

2017ലായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹം. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം തെന്നിന്ത്യന്‍ സിനിമാ ലോകവും ആരാധകരും ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു.

നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇപ്പോള്‍ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ച കാര്യം പുറത്ത് പറഞ്ഞിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nagarjuna reacts to the divorce news of Samantha and Naga Chaithanya