ന്യൂദല്‍ഹി: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര ഉടന്‍ രാജിവെക്കണമെന്ന് സഹചെയര്‍മാനും മുതിര്‍ന്ന അഭിഭാഷകനുമായ വൈ.ആര്‍ സദാശിവ റെഡ്ഡി. ക്രമക്കേട് കുറ്റം ഉള്‍പ്പെടെ എട്ട് ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബി.സി.ഐ ചെയര്‍മാന് പതിനഞ്ച് ദിവസത്തിനകം രാജി വെക്കണമെന്നാവശ്യപ്പെട്ട് റെഡ്ഡി കത്തയച്ചത്.
ബാര്‍ കൗണ്‍സിലിനെ വ്യക്തിപരമായ സ്വത്തുപോലെ കൈകാര്യം ചെയ്യുന്നുവെന്നും ഫണ്ട് ദുരുപയോഗം ചെയ്തതായും റെഡ്ഡി കത്തില്‍ പറയുന്നുണ്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഫണ്ടില്‍നിന്ന് ഏകദേശം 150 കോടി രൂപ പുതിയ ട്രസ്റ്റിലേക്ക് മാറ്റാന്‍ നീക്കം നടത്തിയതായും അദ്ദേഹം പറഞ്ഞു. നിയമ കോളേജുകളില്‍നിന്ന് അംഗീകാരത്തിനും പുതുക്കലിനുമായി വലിയ തുക ഈടാക്കുന്നതും നിയമനങ്ങളിലെ ബന്ധുനിയമനവും കത്തില്‍ പറയുന്നതായി റിപ്പോര്‍ട്ട്.
‘വളരെയധികം വിഷമത്തോടെയാണ് താന്‍ ഇത് എഴുതിയത്. എന്റെ ഭാഗത്തെ നിശബ്ദത ഈ രാജ്യം എന്നില്‍ അര്‍പ്പിച്ച വിശ്വസത്തെ തകര്‍ക്കുന്നതിന് തുല്യമാണ്,’ റെഡ്ഡി പറഞ്ഞു.
മനന്‍ മിശ്രയുടെ ദീര്‍ഘകാല ചെയര്‍മാന്‍ പദവി ചോദ്യം ചെയ്ത് സുപ്രീംകോടതിയിലും റെഡ്ഡി ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ബി.സി.ഐ ചട്ടപ്രകാരം ചെയര്‍മാന്റെ കാലാവധി രണ്ട് വര്‍ഷമാണെന്നും ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന മിശ്രയുടെ പദവി നിയമവിരുദ്ധമാണെന്നും ഹരജിയില്‍ പറയുന്നു.
എന്നാല്‍ രാജിവെക്കണമെന്ന ആവശ്യം മിശ്ര തള്ളിയിട്ടുണ്ട്. റെഡ്ഡി തന്റെ രാഷ്ട്രീയ എതിരാളിയാണെന്നും അദ്ദേഹം ഇപ്പോള്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടിട്ടില്ലെന്നും മിശ്ര പ്രതികരിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നല്‍സാര്‍ യൂണിവേഴ്‌സിറ്റിയിലെ 2026 ബാച്ചിലെ വിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലേക്ക് ക്ഷണിച്ചതിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ബി.സി.ഐ ചെയര്‍മാന്‍ മനന്‍ കുമാര്‍ 2026 ബാച്ചിലെ നിയമബിരുദധാരികളെ സംസ്ഥാന ബാര്‍ കൗണ്‍സിലുകളില്‍ അഭിഭാഷകരായി എന്റോള്‍ ചെയ്യുന്നത് തടയാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ബി.സി.ഐ മണിക്കൂറുകള്‍ക്കകം ഈ നടപടി പിന്‍വലിച്ചു.
പിന്നീട് 2026 ബാച്ചിനെതിരായ നടപടികള്‍ പൂര്‍ണമായും അവസാനിപ്പിച്ചതായി മിശ്ര അറിയിച്ചു. മിശ്ര വിദ്യാര്‍ഥികളോട് മാപ്പ് പറയുകയും, നിയമവിദ്യാര്‍ഥികള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ നല്‍സാര്‍ വിവാദവും ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സഹചെയര്‍മാന്‍ മിശ്രയോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്.
കത്ത് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ രാജിവെക്കുക, ഓരോ ആരോപണത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി ബി.സി.ഐ ഒരു പ്രത്യേക യോഗം വിളിക്കുക, കൗണ്‍സിലിന്റെ പൂര്‍ണമായ സ്റ്റാഫിംഗ് തസ്തിക അതിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും റെഡ്ഡി പറഞ്ഞെന്ന് ലോ ബീറ്റ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Must resign within 15 days; Vice-Chairman sends letter to Bar Council Chairman.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.