സിനിമയെ അതിന്റെ പരമാവധി സൗന്ദര്യത്തില്‍ ആസ്വദിക്കാനാണ് ഓരോ സിനിമാപ്രേമികളും ആഗ്രഹിക്കുന്നത്. ഏറ്റവും നല്ല സൗണ്ടും പിക്ചര്‍ ക്വാളിറ്റിയുമുള്ള തിയേറ്ററില്‍ പോയി കാണാന്‍ പലരും ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഏറ്റവും നല്ല തിയേറ്ററില്‍ നിന്ന് പലരും കാണാന്‍ പദ്ധതിയിടുന്ന ചിത്രങ്ങളിലൊന്നാണ് ദി ഒഡീസി.
ലോകസിനിമയിലെ അതികായനായ ക്രിസ്റ്റഫര്‍ നോളന്‍ ഗ്രീക്ക് ഇതിഹാസത്തെ എങ്ങനെ സ്‌ക്രീനിലേക്ക് പകര്‍ത്തുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ചിത്രീകരിക്കുന്ന ഒഡീസി ഐമാക്‌സ് സ്‌ക്രീനില്‍ തന്നെ കാണാനാണ് പലരും ആഗ്രഹിക്കുന്നത്. ഇന്ത്യയില്‍ ആകെ 34 ഐമാക്‌സ് സ്‌ക്രീനുകളാണുള്ളത്.
ഒഡീസിക്കായി ഐമാക്‌സ് സ്‌ക്രീനുകള്‍ ഈടാക്കുന്ന തുകയാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. 3400 രൂപയാണ് ഏറ്റവും ഉയര്‍ന്ന തുക. പൂനെയിലെ ഫീനിക്‌സ് മാളിലുള്ള ഐനോക്‌സിലാണ് ഈ തുക. 3300 രൂപയുമായി മുംബൈയും തൊട്ട് പിന്നിലുണ്ട്. ഹോളിവുഡിന്റെ ഈറ്റില്ലമായ യു.എസ്.എയില്‍ ഐമാക്‌സ് സ്‌ക്രീനിലെ ടിക്കറ്റിന് ഇതിലും കുറഞ്ഞ തുകയാണെന്നത് പലരെയും അതിശയിപ്പിക്കുന്നുണ്ട്.
30 ഡോളറാണ് (ഇന്ത്യന്‍ രൂപയില്‍ 2800) യു.എസ്.എയിലെ ഏറ്റവുമുയര്‍ന്ന ഐമാക്‌സ് ടിക്കറ്റ് നിരക്ക്. ഇന്ത്യയിലേതിനെക്കാള്‍ മികച്ച ഒറിജിനല്‍ 70 MM ഐമാക്‌സ് സ്‌ക്രീനുകളാണ് വിദേശത്തുള്ളത്. അവിടെയുള്ളതിനെക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്ന ഇന്ത്യയിലെ മള്‍ട്ടിപ്ലെക്‌സുകള്‍ക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്. ഇത്തരം റേറ്റുകള്‍ക്ക് ‘ഡൈനാമിക് പ്രൈസിങ്’ എന്നാണ് മള്‍ട്ടിപ്ലെക്‌സ് നല്‍കിയിരിക്കുന്ന പേര്.
ഏറ്റവും ഡിമാന്‍ഡുള്ള്, പ്രൈം ടൈമിലെ ഷോയ്ക്ക് റേറ്റ് ഇഷ്ടത്തിനനുസരിച്ച് കൂട്ടുന്നത് സ്ഥിരം പരിപാടിയാണ്. പൂനെയിലും മുംബൈയിലും 3000ന് മേലെയാണെങ്കില്‍ ബെംഗളൂരുവില്‍ 2500 വരെയാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഐമാക്‌സ് ടിക്കറ്റ് വില്‍ക്കുന്നത് തമിഴ്‌നാട്ടിലാണ്. 508 ആണ് ഇവിടുത്തെ ഏറ്റവുമുയര്‍ന്ന തുക. എത്ര വലിയ തിയേറ്ററാണെങ്കിലും 508 രൂപയില്‍ കൂടുതല്‍ ഈടാക്കരുതെന്ന നിയമം നിലനില്‍ക്കുന്നതിനാലാണ് ഈ റേറ്റ്.
ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ടാണ് മറ്റിടങ്ങളില്‍ തോന്നുന്ന വിലക്ക് ടിക്കറ്റ് വില്‍ക്കുന്നതെന്നും തമിഴ്‌നാട്ടില്‍ കൃത്യമായി നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നു. എത്ര ഉയര്‍ന്ന റേറ്റാണെങ്കിലും ആളുകള്‍ അത് നല്‍കി സിനിമ കാണുമെന്ന ചിന്തയാണ് മള്‍ട്ടിപ്ലെക്‌സുകള്‍ക്കെന്നും വിമര്‍ശനമുണ്ട്. ജൂലൈ 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Multiplexes charging 3000 rupees for The Odyssey movie Imax tickets