ആ തെറ്റ് മുംബൈ ഇന്ത്യന്‍സ് ആവര്‍ത്തിക്കരുത്: മുഹമ്മദ് കൈഫ്
Cricket
ആ തെറ്റ് മുംബൈ ഇന്ത്യന്‍സ് ആവര്‍ത്തിക്കരുത്: മുഹമ്മദ് കൈഫ്
ഫസീഹ പി.സി.
Thursday, 26th March 2026, 12:08 pm

2026 ഐ.പി.എല്ലിന് തിരശീലയുയരാന്‍ ഇനി രണ്ട് ദിവസങ്ങള്‍ മാത്രമാണുള്ളത്. മാര്‍ച്ച് 28ന് നടക്കുന്ന ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍. സി. ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്. ആര്‍. എച്ച്) തമ്മിലുള്ള മത്സരത്തോടെയാണ് ഈ സീസണ്‍ ആരംഭിക്കുക.

ഈ സീസണിന് മുന്നോടിയായി ടൂര്‍ണമെന്റിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നായ മുംബൈ ഇന്ത്യന്‍സില്‍ ക്യാപ്റ്റന്‍സി മാറ്റം വേണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഹര്‍ദിക് പാണ്ഡ്യയെ മാറ്റി ഇന്ത്യന്‍ ടി – 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് നായകകുപ്പായം നല്‍കാമെന്നായിരുന്നു ഇവരുടെ വാദം.

ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. രോഹിത് ശര്‍മയെ മാറ്റിയത് പോലെ ഹര്‍ദിക് പാണ്ഡ്യയെയും ക്യാപ്റ്റന്‍ സ്ഥാനത്ത് നീക്കി മുംബൈ തെറ്റ് ആവര്‍ത്തിക്കരുതെന്നും ഹര്‍ദിക്കിപ്പോള്‍ ക്യാപ്റ്റന്റെ റോളില്‍ പൊരുത്തപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് കൈഫ്.

സൂര്യകുമാര്‍ യാദവ് മികച്ചൊരു ഓപ്ഷനാണെങ്കിലും രോഹിത്തിനോട് ചെയ്തത് പോലെ മുംബൈ ചെയ്യരുതെന്നും ഓരോ വര്‍ഷവും ട്രെന്‍ഡിന് അനുസരിച്ച് നായകനെ മാറ്റുന്നത് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

‘മുംബൈ ഇന്ത്യന്‍സ് അതെ തെറ്റ് വീണ്ടും ആവര്‍ത്തിക്കരുത്. രോഹിത് ശര്‍മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിന് ശേഷം അവര്‍ക്ക് വളരെ മോശം സീസണായിരുന്നു. ഇപ്പോള്‍ ഹര്‍ദിക് ആ റോളുമായി പൊരുത്തപ്പെട്ടു. കഴിഞ്ഞ സീസണില്‍ മുംബൈ ക്വാളിഫയറില്‍ പ്രവേശിച്ചിരുന്നു. നായകന്‍ എന്ന നിലയില്‍ അവന്‍ അക്കാര്യത്തില്‍ തന്റെ ദൗത്യം മികച്ച രീതി പൂര്‍ത്തിയാക്കി.

സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കുന്നത് പരിഗണിക്കാം. പക്ഷേ, അത് രോഹിത്തിനോട് ചെയ്തത് പോലെയാകരുത്. നമുക്കിപ്പോള്‍ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കിയ ഹര്‍ദിക് ക്യാപ്റ്റനായിയുണ്ട്. ആ സമയത്ത് അവനായിരുന്നു ചര്‍ച്ചാവിഷയം.

ഇപ്പോള്‍ ചര്‍ച്ച വിഷയം സൂര്യകുമാര്‍ യാദവാണ്. അടുത്ത വര്‍ഷം മറ്റാരെങ്കിലുമായിരിക്കും. അപ്പോള്‍ സൂര്യയെ മാറ്റി അവരെ ക്യാപ്റ്റനാകുമോ? ഇത്തരം തീരുമാനങ്ങള്‍ ടീമിന് ഗുണകരമല്ല,’ കൈഫ് പറഞ്ഞു.

സൂര്യകുമാർ യാദവും രോഹിത് ശർമയും ഹർദിക് പാണ്ഡ്യയും. Photo: Crictracker

2024ലാണ് ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത്. ടീമിന് അഞ്ചാം കിരീടം നേടിക്കൊടുത്ത രോഹിത്തിനെ മാറ്റി ഹര്‍ദിക്കിനെ നായകനാക്കിയതില്‍ വലിയ ആരാധക രോഷം ഉയര്‍ന്നിരുന്നു. ആ സീസണില്‍ മുംബൈ വളരെ മോശം പ്രകടനമാണ് നടത്തിയത്.

എന്നാല്‍, 2025ലും ഹര്‍ദിക് എന്ന നായകന് കീഴിലിറങ്ങിയ മുംബൈ മികച്ച പ്രകടനവുമായി തിരിച്ചെത്തി. പ്ലേഓഫില്‍ എത്തിയ ടീം ക്വാളിഫയര്‍ രണ്ടില്‍ പഞ്ചാബ് കിങ്സിനോട് തോറ്റ് പുറത്താവുകയായിരുന്നു.

Content Highlight: Muhammed Kaif says that Mumbai should not repeat the mistake changing captain by chasing trend

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി