ബ്രസീലിയ: ലെനോവോയുടെ ഉടമസ്ഥയിലുള്ള മോട്ടോറോള സെഡ് സിരീസിലുള്ള പുതിയ ഫോണ്‍ പുറത്തിറക്കി. മോട്ടോ സെഡ് 3 പ്ലേയാണ് പുതിയ ഫോണ്‍. മധ്യനിര ഫോണായ സെഡ് 3 പ്ലേ ആദ്യം ബ്രസീലിലാണ് പുറത്തിറക്കുക.

ഡിസ്‌പ്ലേ

6 ഇഞ്ച് എച്ച് ഡി പ്ലസ് ഡിസ്‌പ്ലേ, മുന്നിലും പിന്നിലും സ്‌ക്രാച്ചുകള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള കോട്ടിങ്ങ് എന്നിവയാണ് ഡിസൈനില്‍ സെഡ് 3 പ്ലസിന്റെ പ്രത്യേകതകള്‍. മറ്റ് മോട്ടോ ഫോണുകളില്‍ നിന്ന് വ്യത്യസ്തമായി ഫോണിന്റെ ഇടത് വശത്തെ പാനലിലാണ് ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍. മോട്ടോ ഫോണുകള്‍ നല്‍ കുന്ന സേവനങ്ങളായ മോട്ടോ ഡിസ്‌പ്ലേ മോട്ടോ ആക്ഷന്‍സ് എന്നിവ ഈ ഫോണിലും പ്രതീക്ഷിക്കാം.

മറ്റ് സവിശേഷതകള്‍

1.8 ഗിഗാ ഹേര്‍ട്ട്‌സിന്റെ ഒക്ടാ കോര്‍ പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 636 ആണ് പ്രോസസര്‍. ഇത് വഴി കൂടുതല്‍ കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ സാധിക്കും. ഫോണിന്റെ വേഗതയും കൂടുതലായിരിക്കും. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഓറിയോ ഓപറേറ്റിങ്ങ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായ അപ്‌ഡേറ്റുകളും പ്രതീക്ഷിക്കാം. 4 ജി ബി റാം ഉള്ള ഫോണിന് 32 ജി ബിയുടേയും 64 ജി ബിയുടേയും വ്യത്യസ്ത മോഡലുകളുണ്ട്.

ക്യാമറ

ഇരട്ട ക്യാമറ സംവിധാനമാണ് സെഡ് 3 പ്ലേയിലുള്ളത്. 12 എം പിയുടേയും 5 എം പിയുടേയും ലെന്‍സുകള്‍ ക്യാമറയ്ക്ക് കരുത്ത് പകരും. ഇരട്ട എല്‍.ഇ.ഡികളുള്ള ഫ്‌ലാഷും ഫോണിലുണ്ട്. സെല്‍ ഫികള്‍ പകര്‍ത്താനായി മുന്‍ ഭാഗത്തുള്ളത് 8 എം പിയുടെ ക്യാമറയാണ്.

ഇന്ത്യയില്‍ ഫോണ്‍ എന്ന് പുറത്തിറങ്ങും എന്നത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.