തിയേറ്ററിലെ ക്ലാഷ് മിസ്സായാലെന്താ, ഒ.ടി.ടിയില്‍ ഏറ്റുമുട്ടാനൊരുങ്ങി മോഹന്‍ലാലും സൂര്യയും
Entertainment
തിയേറ്ററിലെ ക്ലാഷ് മിസ്സായാലെന്താ, ഒ.ടി.ടിയില്‍ ഏറ്റുമുട്ടാനൊരുങ്ങി മോഹന്‍ലാലും സൂര്യയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th May 2025, 8:11 am

ഈ വര്‍ഷം സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്ലാഷായിരുന്നു മോഹന്‍ലാലിന്റെയും സൂര്യയുടെയും സിനിമകള്‍. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോയും മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും എന്നീ ചിത്രങ്ങള്‍ ഒരേദിവസം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചത്.

11 വര്‍ഷം മുമ്പാണ് ഇരുവരും ബോക്‌സ് ഓഫീസില്‍ നേരിട്ട് ഏറ്റുമുട്ടിയത്. അന്ന് രണ്ട് ചിത്രങ്ങളും ശരാശരിയില്‍ ഒതുങ്ങിയിരുന്നു. ഇത്തവണ ഏറെ പ്രതീക്ഷയുള്ള രണ്ട് ചിത്രങ്ങള്‍ ക്ലാഷിന് തയാറെടുത്തപ്പോള്‍ ഇരുതാരങ്ങളുടെയും ആരാധകര്‍ ആവേശത്തിലായിരുന്നു. എന്നാല്‍ ആദ്യം അറിയിച്ച റിലീസ് തിയതിയെക്കാള്‍ മുമ്പ് തുടരും തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ തിയേറ്ററില്‍ മിസ്സായ ക്ലാഷ് ഒ.ടി.ടിയില്‍ ലഭിച്ചിരിക്കുകയാണ്. ഒരുദിവസത്തെ ഇടവേളയില്‍ രണ്ട് ചിത്രങ്ങളും ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും. മെയ് 30 മുതല്‍ തുടരും സ്ട്രീമിങ് ആരംഭിക്കുമ്പോള്‍ മെയ് 31നാണ് റെട്രോ ഒ.ടി.ടിയിലെത്തുക. ജിയോ ഹോട്‌സ്റ്റാറാണ് തുടരും സിനിമയുടെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയത്. റെട്രോയെ സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ളിക്‌സാണ്.

മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡും തകര്‍ത്തെറിഞ്ഞാണ് തുടരും കളം വിടുന്നത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറി. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 230 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയായി തുടരും മാറി.

അതേസമയം വന്‍ പ്രതീക്ഷയിലെത്തിയ റെട്രോ ശരാശരിയിലൊതുങ്ങി. മികച്ച മേക്കിങ്ങും അഭിനേതാക്കളുടെ ഗംഭീര പെര്‍ഫോമന്‍സും ഉണ്ടായിരുന്നിട്ടുകൂടി ശക്തമായ തിരക്കഥയുടെ അഭാവം സിനിമക്ക് തിരിച്ചടിയായി മാറി. കങ്കുവ എന്ന വന്‍ പരാജയത്തിന്റെ ക്ഷീണം മറക്കാന്‍ ഇറങ്ങിയ സൂര്യയുടെ ആരാധകര്‍ വീണ്ടും നിരാശരാകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

ബോക്‌സ് ഓഫീസില്‍ 150 കോടിയോളം നേടിയെങ്കിലും സൂര്യയുടെ നിലവിലെ അവസ്ഥക്ക് ഇത് മതിയാകുമായിരുന്നില്ല. കഴിഞ്ഞ കുറച്ചുകാലമായി ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്ത സൂര്യയുടെ ഗംഭീര തിരിച്ചുവരവാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന സൂര്യ 45 ആണ് താരത്തിന്റെ അടുത്ത ചിത്രം.

Content Highlight: Mohanlal’s Thudarum and Suriya’s Retro movie streaming in OTT within the the gap of one day