പിറന്നാളിന്റെ അന്ന് ഇതുപോലൊരു സിനിമ ഇറക്കാനാകുന്നത് ഒരു ഭാഗ്യമാണ്, എല്ലാ ബര്‍ത്ത്‌ഡേയ്ക്കും ഇതുപോലെ സിനിമ പ്രതീക്ഷിക്കരുത്: മോഹന്‍ലാല്‍
Malayalam Cinema
പിറന്നാളിന്റെ അന്ന് ഇതുപോലൊരു സിനിമ ഇറക്കാനാകുന്നത് ഒരു ഭാഗ്യമാണ്, എല്ലാ ബര്‍ത്ത്‌ഡേയ്ക്കും ഇതുപോലെ സിനിമ പ്രതീക്ഷിക്കരുത്: മോഹന്‍ലാല്‍
അമര്‍നാഥ് എം.
Saturday, 9th May 2026, 11:14 am

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഗ്രാന്‍ഡ് റിലീസിനാണ് തയാറെടുക്കുന്നത്. നാലാം ക്ലാസുകരാനായ ക്ലാസിക് ക്രിമിനലിന്റെ മൂന്നാംവരവില്‍ എന്തൊക്കെയാകും സംഭവിക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

നേരത്തെ ഏപ്രില്‍ രണ്ടിന് റിലീസാകുമെന്നറിയിച്ച ചിത്രം പിന്നീട് മാറ്റിവെക്കുകയായിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധം ജി.സി.സി രാജ്യങ്ങളിലെ കളക്ഷനെ ബാധിക്കുമെന്ന ചിന്തയാണ് റിലീസ് മാറ്റിവെച്ചതിന് പിന്നില്‍. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21 ആണ് ദൃശ്യം 3യുടെ പുതിയ റിലീസ് ഡേറ്റ്. ആദ്യം പറഞ്ഞ ദിവസത്തില്‍ നിന്ന് റിലീസ് മാറ്റിവെക്കേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.

ദൃശ്യം 3യുടെ പ്രസ് മീറ്റില്‍ മോഹന്‍ലാല്‍ Photo: Screen grab/ Silly Monks Mollywood

പിറന്നാളിന്റെ അന്ന് റിലീസ് സംഭവിക്കുന്നത് അറിയാതെ സംഭവിച്ചതാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ഏപ്രിലിലായിരുന്നു ആദ്യം റിലീസ് പ്ലാന്‍ ചെയ്തതെന്നും മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ കാരണം ഷിഫ്റ്റ് ചെയ്യേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്നീട് ഏത് ദിവസം റിലീസ് ചെയ്യണമെന്ന ചര്‍ച്ചയിലാണ് മെയ് 21ലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം 3യുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘സാധാരണ ഏതെങ്കിലും വെള്ളിയാഴ്ചയോ വ്യാഴാഴ്ചയോ ആണ് സിനിമകള്‍ റിലീസ് ചെയ്യാറുള്ളത്. അപൂര്‍വം ചില സിനിമകള്‍ മാത്രമാണ് വേറെ ഏതെങ്കിലും ദിവസം റിലീസാകാറുള്ളത്. ഞങ്ങള്‍ നോക്കിയപ്പോള്‍ മെയ് 21 എന്ന് പറയുന്നത് ഒരു വ്യാഴാഴ്ചയാണ്. ആ ദിവസം റിലീസ് ചെയ്യാമെന്ന് നിര്‍ദേശിച്ചത് ആന്റണിയായിരുന്നു.

ദൃശ്യം 3 Photo: Theatrical Poster

അപൂര്‍വമായി മാത്രം കിട്ടുന്ന ഒരു ഭാഗ്യമാണ് അത്. ആളുകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രം, അതിനെക്കാളുപരി പലരും കാത്തിരിക്കുന്ന ഒരു സിനിമ, അത് പിറന്നാളിന്റെ അന്ന് തിയേറ്ററുകളിലെത്തുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. എല്ലാ ബര്‍ത്ത്‌ഡേയ്ക്കും ഇതുപോലെ സിനിമ പ്രതീക്ഷിക്കരുത്,’ മോഹന്‍ലാല്‍ പറയുന്നു.

ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്നാം ഭാഗത്തില്‍ ജോര്‍ജുകുട്ടിയും കുടുംബവും ഇത്തവണ എന്ത് പ്രശ്‌നമാകും നേരിടുക എന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ട്വിസ്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് പകരം ഇമോഷനുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറാന്‍ ദൃശ്യം 3ക്ക് സാധ്യതയുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Mohanlal about the release date of Drishyam 3 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം