സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് തന്ത്രപരമായ നീക്കം, കാരണമിത്: കൈഫ്
Cricket
സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് തന്ത്രപരമായ നീക്കം, കാരണമിത്: കൈഫ്
ഫസീഹ പി.സി.
Sunday, 22nd February 2026, 2:44 pm

2026 ടി – 20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്ക് എതിരായ ഇന്ത്യയുടെ സൂപ്പര്‍ 8 പോരാട്ടത്തിന് മുന്നോടിയായി ടീമില്‍ മാറ്റം നിര്‍ദേശിച്ച് മുന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യന്‍ ടീമില്‍ ഇടം കൈയ്യന്‍ താരങ്ങള്‍ ധാരാളമുണ്ടെന്നും അത് എതിരാളികള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതിനാല്‍ തന്നെ ഫോമിലല്ലെങ്കിലും വലം കൈയ്യന്‍ ബാറ്ററായ സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അത് ഓഫ് സ്പിന്നിനെ നേരിടാന്‍ തന്ത്രപരമായ നീക്കമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്. Photo: Crictracker/x.com

‘ടീമില്‍ ഒരുപാട് ഇടം കൈയ്യന്‍ ബാറ്റര്‍മാരുണ്ട്. സൂര്യകുമാര്‍ യാദവ് നേരത്തെ ഇറങ്ങിയാലും മധ്യനിരയില്‍ ഒരുമിച്ച് രണ്ട് ഇടം കൈയ്യന്‍ താരങ്ങള്‍ വരുന്ന സാഹചര്യമുണ്ട്. അതിനാല്‍ പ്ലെയിങ് ഇലവനെ തന്ത്രപരമായി തെരഞ്ഞെടുക്കണം.

വലം കൈയ്യന്‍ ബാറ്ററായി സഞ്ജു സാംസണുണ്ട്. നിലവില്‍ അവന്‍ ഫോമിലല്ലായിരിക്കാം, പക്ഷേ മധ്യനിരയില്‍ ഒരു വലം കൈയ്യന്‍ ബാറ്റര്‍ സാന്നിധ്യം ഉണ്ടാവാന്‍ അവനെ ടീമില്‍ ഉള്‍പ്പെടുത്താം. ഈ നീക്കം ഓഫ് സ്പിന്നിനെ നേരിടാന്‍ ഇന്ത്യയ്ക്ക് ഗുണകരമാവും,’ കൈഫ് പറഞ്ഞു.

സഞ്ജു സാംസൺ. Photo: Team Samson/x.com

ഇന്ത്യയ്ക്ക് ഫുള്‍ ടൈം ഓഫ് സ്പിന്നര്‍മാരില്ലെന്നും നമ്മള്‍ കൂടുതല്‍ ലെഗ് സ്പിന്നും ഇടം കൈയ്യന്‍ സ്പിന്നുമാണുള്ളതെന്നും കൈഫ് പറഞ്ഞു. ഐ.പി.എല്ലില്‍ പോലും പാര്‍ട്ട് ടൈം ഓഫ് സ്പിന്നര്‍മാര്‍ മാത്രമാണുള്ളത്.

ഓഫ് സ്പിന്നര്‍മാര്‍ നമുക്ക് എതിരെ ഒരുപാട് വിക്കറ്റുകള്‍ വീഴ്ത്തുന്നത് ഗൗരവമായി കാണണം. അഭിഷേക് ശര്‍മ ഓഫ് സ്പിന്നിങ് എതിരെ പതറുന്നത് ഒരു ആശങ്കയാണ്. അവര്‍ക്ക് എതിരെ ഇന്ത്യന്‍ ബാറ്റർമാർ ബുദ്ധിമുട്ടുന്നത് എതിരാളികള്‍ മുതലെടുക്കുമെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഓഫ് സ്പിന്‍ കളിക്കാന്‍ ബുദ്ധിമുട്ടിയത് ചൂണ്ടിക്കാട്ടിയാണ് കൈഫിന്റെ ഈ നിര്‍ദ്ദേശം. ഗ്രൂപ്പ് ഘട്ടത്തില്‍ ഓഫ് സ്പിന്നര്‍മാര്‍ ഇന്ത്യക്കെതിരെ 11 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

Content Highlight: Mohammed Kaif says  that including Sanju Samson in playing eleven will be a tactical move to tackle India’s off spin issue

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി