മോദി സഭയില്‍ എത്താതിരുന്നത് ഭീഷണി മൂലമല്ല, ഭയം കൊണ്ട്; സ്പീക്കര്‍ക്ക്‌ കത്തെഴുതി കോണ്‍ഗ്രസ് വനിതാ എം.പിമാര്‍
India
മോദി സഭയില്‍ എത്താതിരുന്നത് ഭീഷണി മൂലമല്ല, ഭയം കൊണ്ട്; സ്പീക്കര്‍ക്ക്‌ കത്തെഴുതി കോണ്‍ഗ്രസ് വനിതാ എം.പിമാര്‍
നിഷാന. വി.വി
Monday, 9th February 2026, 3:01 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയില്‍ നിന്ന് വിട്ടുനിന്നത് ഭീഷണി മൂലമല്ല ഭയം കാരണമെന്ന് കോണ്‍ഗ്രസിന്റെ വനിതാ എം.പിമാര്‍.

പ്രതിപക്ഷത്തെ നേരിടാന്‍ മോദിക്ക് ധൈര്യമില്ലാത്തതിനാലാണ് അദ്ദേഹം ലോക്‌സഭയില്‍ എത്താതിരുന്നതെന്നും സ്പീക്കര്‍ ഓം ബിര്‍ലയ്ക്കയച്ച കത്തില്‍ വനിതാ എം.പിമാര്‍ പറഞ്ഞു.

നരേന്ദ്ര മോദിയുടെ ജനവിരുദ്ധ സര്‍ക്കാരിനെതിരെ നിരന്തരം പോരാടിയതിനാലാണ് സ്ത്രീകളെ ലക്ഷ്യം വെക്കുന്നതെന്ന് കരൂര്‍ എം.പി എസ്. ജ്യോതി മണിയുടെ കത്തില്‍ പറയുന്നു.

പ്രിയങ്ക ഗാന്ധി, ജ്യോത്സ്‌ന ചരണ്‍ദാസ് മഹന്ത്, ആര്‍. സുധ, വര്‍ഷ ഏക്‌നാഥ് ഗെയ്ക്വാദ്, ജെനിബെന്‍ താക്കൂര്‍, ജോതിമണി എന്നീ ആറ് എംപിമാര്‍ ഒപ്പിട്ടാണ് സ്പീക്കര്‍ക്ക് കത്തയച്ചിരിക്കുന്നത്.

വനിതാ കോണ്‍ഗ്രസ് എം.പിമാര്‍ കാരണമാണ് മോദി രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് എത്താതിരുന്നതെന്ന് സ്പീക്കര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.പിമാര്‍ സ്പീക്കര്‍ക്ക് കത്തയച്ചത്.

പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ സ്പീക്കറുടെ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതവും അപകീര്‍ത്തികരവുമാണെന്നും എം.പിമാര്‍ കത്തില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പാര്‍ലമെന്ററി അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും എം.പിമാര്‍ കത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസ് വനിതാ എം.പിമാര്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെത്തിയിരുന്നുവെന്നും
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുമെന്ന് തനിക്ക് വിവരം ലഭിച്ചതിനാല്‍, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരരുതെന്ന് താന്‍ ഉപദേശിച്ചതായി ഫെബ്രുവരി 5 ന് സ്പീക്കര്‍ ഓം ബിര്‍ല സഭയില്‍ അവകാശവാദമുന്നയിച്ചിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി സ്പീക്കറുടെ പുറകില്‍ ഒളിച്ചിരിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചു.

രാഹുല്‍ ഗാന്ധിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. ഭരണകക്ഷി സ്പീക്കറുടെ ഓഫീസിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതായും എം.പിമാര്‍ പറഞ്ഞു.

ഇത് സംബന്ധിച്ച് സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Modi’s absence from the House was not due to threats, but fear; Congress women MPs write to the Speaker

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.