തിരുവനന്തപുരം: ലൈറ്റ് മെട്രോ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാറിനെ കുരുക്കില്‍ വീഴ്ത്താന്‍ ആരും ശ്രമിക്കേണ്ടന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ലൈറ്റ് മെട്രോ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയതായി തെളിയിച്ചാല്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും അദ്ദേഹം ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പുതിയ മെട്രോ പോളിസി വരുന്നതിനു മുന്‍പുതന്നെ കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം കത്തയച്ചതാണെന്നും എന്നിട്ടും ഇ.ശ്രീധരന്‍ ഉള്‍പ്പടെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ലൈറ്റ് മെട്രോകള്‍ നടപ്പാക്കാന്‍ ഇ. ശ്രീധരനും ഡി.എം.ആര്‍.സിയും ഇല്ലെങ്കില്‍ ഒരു പ്രശ്നവുമില്ലെന്ന് മന്ത്രി മുമ്പ് പറഞ്ഞിരുന്നു.
സല്‍പ്പേരുണ്ടെന്നു കരുതി സര്‍ക്കാറിനെതിരെ യുദ്ധം ചെയ്യാന്‍ വരേണ്ടെന്നും കൊടുക്കാത്ത കരാര്‍ ചോദിച്ചു വാങ്ങാന്‍ ശ്രീധരന് എന്തധികാരമാണെന്നും മന്ത്രി ജി. സുധാകരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്നും ഡി.എം.ആര്‍.സി പിന്മാറുന്നത് കടുത്ത നിരാശയോടെയാണെന്ന് ഇ. ശ്രീധരന്‍ നേരത്തേ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് തന്നെ ഞെട്ടിച്ചുവെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.