രാഷ്ട്രീയ സംവാദങ്ങളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിസാരവത്കരിക്കുന്നത് വേദനാജനകമാണ്; രാഹുല്‍ ഗാന്ധിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശനത്തിനെതിരെ മെഹ്ബൂബ മുഫ്തി
national news
രാഷ്ട്രീയ സംവാദങ്ങളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിസാരവത്കരിക്കുന്നത് വേദനാജനകമാണ്; രാഹുല്‍ ഗാന്ധിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശനത്തിനെതിരെ മെഹ്ബൂബ മുഫ്തി
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 7:31 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിരാശ പ്രകടപ്പിച്ച് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി. ഇന്ത്യയിലെ രാഷ്ട്രീയ സംവാദങ്ങളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിക്കുന്നതായി അവര്‍ ട്വിറ്ററില്‍ കുറിച്ചു.

“ഒരു സ്ത്രീ എന്ന നിലയ്ക്ക് രാഷ്ട്രീയ സംവാദങ്ങളില്‍ ഉരുത്തിരിയുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിസാരവത്കരിക്കുന്നത് എന്നെ നിരാശപ്പെടുത്തുന്നു. ആണിനെ പോലെ പെരുമാറൂ/ പെണ്ണിനെ പോലെ പെരുമാറുന്നത് നിര്‍ത്തൂ- എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ തീര്‍ത്തും സ്ത്രീ വിരുദ്ധമാണ്. വിരോധാഭാസം എന്തെന്നാല്‍ ഇന്ദിരാ ഗാന്ധിയെ ക്യാബിനറ്റിലെ ഏക പുരുഷന്‍ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്”- മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ റഫാല്‍ കരാറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയാണ് വിവാദമായത്.

“56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയില്‍ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമന്‍ജി എന്നെ പ്രതിരോധിക്കൂ.. എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല. എന്നെ പ്രതിരോധിക്കൂ…” എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.

ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയോട് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വനിതാ കമ്മീഷന്റേത് പക്ഷപാതപരമായ നടപടിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു. സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച മോദിക്കെതിരെ നടപടി എടുക്കാതെ രാഹുല്‍ ഗാന്ധിയില്‍ നിന്നും വിശദീകരണം തേടിയതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.