മേയര്‍ ദേശീയ ഗാനം ആലപിച്ചു; ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും: കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍
Kerala
മേയര്‍ ദേശീയ ഗാനം ആലപിച്ചു; ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും: കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍
നിഷാന. വി.വി
Saturday, 15th August 2026, 11:34 am

കോഴിക്കോട്: സ്വാതന്ത്ര്യ ദിനാഘോഷത്തനിടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍. മേയര്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ വന്ദേമാതരം ആലപിക്കുകയായിരുന്നു.
ഒരേ സമയമാണ് ദേശീയ ഗാനവും വന്ദേമാതരവും ആലപിച്ചത്.

മേയറുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ ദേശീയ ഗാനവും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വന്ദേമാതരവും ആലപിക്കുകയായിരുന്നു. രണ്ട് വിഭാഗവും ഒരേസമയമാണ് ആലപിച്ചത്. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വന്ദേമാതരം ആലപിച്ചപ്പോള്‍ മേയറും ഡെപ്യൂട്ടി മേയറും അടക്കം ദേശീയ ഗാനം പാടി അവസാനിപ്പിച്ച് തിരിഞ്ഞ് നടന്നു. ആ സമയവും ബി.ജെ.പി അംഗങ്ങള്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കുകയായിരുന്നു.

എന്നാല്‍ തിരിഞ്ഞ് നടന്ന മേയറിന്റെയും സംഘത്തിന്റെയും നടപടിക്കെതിരെ ബി.ജെ.പി അംഗങ്ങള്‍ രംഗത്തെത്തി. മേയറുടെ ഭാഗത്ത് നിന്ന് രാജ്യവിരുദ്ധമായ പ്രവര്‍ത്തിയാണ് ഉണ്ടായതെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ ആരോപണം.

മേയര്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്നും ബി.ജെ.പി നേതാക്കള്‍ വിമര്‍ശിച്ചു.’നേരത്തെ തന്നെ വന്ദേമാതരം പാടുമെന്ന് മേയറോട് പറഞ്ഞിരുന്നു. അപ്പോള്‍ മേയര്‍ ഒന്നും പറഞ്ഞില്ല. ആശംസകള്‍ പറയുന്നത് വരെ കാത്തുനിന്നിട്ടാണ് ഞങ്ങള്‍ വന്ദേമാതരം പാടിയത്. വന്ദേമാതരം പാടി കഴിഞ്ഞ് ദേശീയ ഗാനം പാടി അവസാനിപ്പിക്കാമെന്നാണ് തീരുമാനിച്ചത്. ഇതിനിടയിലാണ് മേയറും ഡെപ്യൂട്ടി മേയറും മറുഭാഗത്ത് നിന്ന് ദേശീയ ഗാനം പാടിയത്,’ ബി.ജെ.പി കൗണ്‍സിലര്‍ പറഞ്ഞു.

അതേസമയം, സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയ ഗാനം ആലപിക്കുകയായിരുന്നു.

 

Content Highlight: Mayor sings National Anthem; BJP councillors sing Vande Mataram: Dramatic scenes at Kozhikode Corporation.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.