ഐ.പി.എല്ലാണോ അതോ അന്താരാഷ്ട്ര ക്രിക്കറ്റാണോ ആദ്യം അവസാനിപ്പിക്കുക; സൂപ്പര്‍ താരത്തെക്കുറിച്ച് മാത്യു ഹെയ്ഡന്‍
Cricket
ഐ.പി.എല്ലാണോ അതോ അന്താരാഷ്ട്ര ക്രിക്കറ്റാണോ ആദ്യം അവസാനിപ്പിക്കുക; സൂപ്പര്‍ താരത്തെക്കുറിച്ച് മാത്യു ഹെയ്ഡന്‍
ശ്രീരാഗ് പാറക്കല്‍
Wednesday, 12th August 2026, 10:03 pm

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി-20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് നിലവില്‍ ഏകദിനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ അടുത്തിടെ നടന്ന ഇംഗ്ലണ്ട് പരമ്പരയില്‍ രോഹിത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍.

രോഹിത്തിന്റെ പ്രായത്തിലേക്ക് എത്തുമ്പോള്‍ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടാന്‍ തുടങ്ങുമെന്നും രോഹിത്തിന് മുമ്പ് വിരാടിനോടും അതേ ചോദ്യങ്ങള്‍ ചോദിച്ചിരുന്നുവെന്നും അതിന് മുമ്പ് ഗംഭീറും ഈ ചോദ്യം നേരിട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘രോഹിത്തിന്റെ പ്രായത്തിലേക്ക് നിങ്ങള്‍ എത്തുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ നേരിടാന്‍ തുടങ്ങും. അദ്ദേഹത്തിന് മുമ്പ് വിരാടിനോടും അതേ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു, അതിന് മുമ്പ് ഗൗതം ഗംഭീറിനോടും. ഇങ്ങനെ അത് തുടര്‍ന്നുകൊണ്ടേയിരിക്കും.

ഈ മനോഹരമായ ഗെയിം നിങ്ങള്‍ക്ക് എന്നെന്നേക്കുമായി കളിക്കാനാകില്ല. കരിയറിന്റെ ആ ഘട്ടത്തിലെത്തുമ്പോള്‍, ഐ.പി.എല്ലാണോ അതോ അന്താരാഷ്ട്ര ക്രിക്കറ്റാണോ ആദ്യം അവസാനിപ്പിക്കുകയെന്ന ചോദ്യം അനിവാര്യമായും ഉയരും,’ മാത്യു ഹെയ്ഡന്‍ പറഞ്ഞു.

2027ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള ഏകദിന പരമ്പരകളാണ് ഇനി രോഹിത്തിന്റെയും കോഹ്‌ലിയുടെയും മുന്നിലുള്ളത്.

അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഇന്ത്യക്കായി കളത്തിലിറങ്ങിയിരുന്നു.

ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന അവസാന ഏകദിനത്തില്‍ രോഹിത് സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

രോഹിത് ഏകദിനത്തില്‍ നിന്നും വിരമിക്കുമെന്ന വാര്‍ത്തകള്‍ നിലനിന്നിരുന്ന സമയത്താണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും സെഞ്ച്വറി പിറന്നതെന്നതും ശ്രദ്ധേയമാണ്.

വിരാട് ഈ പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയും തിളങ്ങി. രണ്ടാം ഏകദിനത്തില്‍ 65 റണ്‍സും അവസാന ഏകദിനത്തില്‍ 74 റണ്‍സുമാണ് താരം സ്വന്തമാക്കിയത്.

Content Highlight: Mathhew Hyden Talking About Rohit Sharma

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ