കഥയില്ലാത്തതുകൊണ്ട് പടം ചെയ്യാത്തതല്ല, കുമ്പളങ്ങിക്ക് ശേഷം മധു സി. നാരായണന്റെ സിനിമ വരാത്തതിന്റെ കാരണം വ്യക്തമാക്കി മാത്യു തോമസ്
Malayalam Cinema
കഥയില്ലാത്തതുകൊണ്ട് പടം ചെയ്യാത്തതല്ല, കുമ്പളങ്ങിക്ക് ശേഷം മധു സി. നാരായണന്റെ സിനിമ വരാത്തതിന്റെ കാരണം വ്യക്തമാക്കി മാത്യു തോമസ്
അമര്‍നാഥ് എം.
Sunday, 15th February 2026, 11:52 am

മലയാളത്തിലെ എക്കാലത്തെയും മികച്ച 50 സിനിമകളെടുത്താല്‍ അതില്‍ കണ്ണുംപൂട്ടി ഇടംപിടിക്കാന്‍ സാധ്യതയുള്ള ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. മലയാളികള്‍ കണ്ട് ശീലിച്ചിട്ടില്ലാത്ത ഒരു സ്ഥലത്ത് പറഞ്ഞ യൂണിവേഴ്‌സല്‍ അപ്പീലുള്ള ചിത്രമായാണ് കുമ്പളങ്ങി നൈറ്റ്‌സിനെ പലരും വിശേഷിപ്പിക്കുന്നത്. മധു സി. നാരായണന്‍ എന്ന പുതുമുഖ സംവിധായകന്‍ ഒരുക്കിയ മാജിക് തിയേറ്ററുകളിലെത്തിയിട്ട് ഏഴ് വര്‍ഷം പിന്നിട്ടു.

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മധു സി. നാരായണനെ സിനിമാലോകത്ത് കാണാനില്ലെന്ന് പലരും പരാതിപ്പെടുന്നുണ്ട്. മാജിക്കലായിട്ടുള്ള ഒരു സിനിമ സമ്മാനിച്ച ശേഷം മധു അപ്രത്യക്ഷനായെന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അടുത്ത സിനിമക്ക് എന്തുകൊണ്ട് കാലതാമസം നേരിടുന്നു എന്ന കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് നടന്‍ മാത്യു തോമസ്.

മാത്യു തോമസ് Photo: Screen grab/ B4Blaze

ഒരു സിനിമ കഴിഞ്ഞയുടനെ അടുത്തത് ചെയ്യുക എന്നതല്ല മധുവിന്റെ രീതിയെന്ന് മാത്യു തോമസ് പറഞ്ഞു. ഒരു കഥ പൂര്‍ത്തിയാക്കാന്‍ വേണ്ടി എത്രകാലം വേണമെങ്കിലും കാത്തിരിക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്നും കുമ്പളങ്ങി നൈറ്റ്‌സ് അത്തരത്തില്‍ ഒരുപാട് സമയമെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രമാണെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. മിര്‍ച്ചി എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘ആറ് വര്‍ഷത്തോളം സമയമെടുത്താണ് മധു ചേട്ടന്‍ കുമ്പളങ്ങിയുടെ സ്‌ക്രിപ്റ്റ് കംപ്ലീറ്റാക്കിയത്. അതിന് വേണ്ടി കുമ്പളങ്ങിയില്‍ താമസിച്ച് അവിടത്തെ ആളുകളുടെ രീതിയെല്ലാം ക്ലോസായി ഒബ്‌സര്‍വ് ചെയ്തിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ സമയത്താണ് മധു ചേട്ടന് കുമ്പളങ്ങി നൈറ്റ്‌സിന്റെ ഐഡിയ വന്നത്. അന്ന് ഈ സിനിമയുടെ കാസ്റ്റിങ് ഇങ്ങനെയല്ലായിരുന്നു.

കുമ്പളങ്ങി നൈറ്റ്‌സ്, മധു സി. നാരായണന്‍ Photo: IMDb

എന്റെ റോള്‍ ചെയ്യാനിരുന്നത് ഭാസി ചേട്ടനായിരുന്നു. ബേസിക് ഐഡിയ മനസില്‍ വെച്ചുകൊണ്ട് ഒരുപാട് വര്‍ഷം കുമ്പളങ്ങിയില്‍ താമസിച്ച് കഥ ഡെവലപ്പ് ചെയ്യുകയായിരുന്നു. ആ ഒരു മാജിക് കുമ്പളങ്ങി നൈറ്റ്‌സ് കാണുമ്പോള്‍ നമുക്ക് മനസിലാകും. കുമ്പളങ്ങി നൈറ്റ്‌സ് റിലീസായി ഇത്ര കൊല്ലം കഴിഞ്ഞിട്ടും അടുത്ത പടം വരാത്തതില്‍ ആരും ഡെസ്പാകണ്ട. നല്ലൊരു പടവുമായി മധു ചേട്ടന്‍ വീണ്ടും വരും,’ മാത്യു തോമസ് പറയുന്നു.

കൊച്ചിയിലെ കുമ്പളങ്ങി എന്ന പ്രദേശത്തെ ഒരു കുടുംബത്തിന്റെ കഥയാണ് കുമ്പളങ്ങി നൈറ്റ്‌സിലൂടെ മധു സി. നാരായണന്‍ പറഞ്ഞത്. കേരളത്തിന് പുറത്തും ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായി. മാത്യു തോമസിന്റെ ആദ്യചിത്രം കൂടിയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. മധു സി. നാരായണന്റെ അടുത്ത ചിത്രത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.

Content Highlight: Mathew Thomas explains why Madhu C Narayanan taking time for his next movie

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം