India
ഉത്തരാഖണ്ഡില്‍ കൂട്ടത്തോടെ വോട്ടര്‍മാരെ നീക്കാന്‍ അപേക്ഷ; തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോണ്‍ഗ്രസ്
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധനയുടെ (എസ്.ഐ.ആര്‍) നടപടിക്കിടെ വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്യുന്നെന്ന് കോണ്‍ഗ്രസ്. ഫോം ഏഴ്, അപേക്ഷകള്‍ വലിയതോതില്‍ സമര്‍പ്പിക്കുകയും അവ പ്രോസസ് ചെയ്യുകയും ചെയ്യുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.
ഇതില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ചില വ്യക്തികള്‍ നൂറുകണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ ഡാറ്റാ വിശകലനത്തില്‍ ഒരു വ്യക്തി ഏകദേശം 6,400 പേരുടെ പേരുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയതായി കണ്ടെത്തിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കൂടാതെ ഏകദേശം 1,200 പേര്‍ പത്ത് പേരിലധികം വോട്ടര്‍മാര്‍ക്കെതിരെ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചില അപേക്ഷകരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ വിലാസങ്ങളിലോ ഫോണ്‍ നമ്പറുകളിലോ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും കോണ്‍ഗ്രസ് ആരോപിച്ചു. ചില അപേക്ഷകരെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഉത്തരാഖണ്ഡില്‍ താമസിക്കുന്നവരല്ലെന്നും അപേക്ഷ നല്‍കിയിട്ടില്ലെന്നും പറഞ്ഞതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
ഒരു സിറ്റിങ് കോണ്‍ഗ്രസ് എം.എല്‍.എയുടെ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും അപേക്ഷ ലഭിച്ചതായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
എന്നാല്‍ ഫോം ഏഴ് അപേക്ഷ ലഭിച്ചതുകൊണ്ട് മാത്രം ഒരു വോട്ടറുടെ പേര് പട്ടികയില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അപേക്ഷകള്‍ പരിശോധിക്കുകയും ബന്ധപ്പെട്ട വോട്ടര്‍ക്ക് മറുപടി നല്‍കാന്‍ അവസരം നല്‍കുകയും ചെയ്ത ശേഷമാണ് തുടര്‍നടപടിയെന്നും അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
അഞ്ച് പേരില്‍ കൂടുതല്‍ വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഒരാള്‍ അപേക്ഷ നല്‍കിയാല്‍ ബന്ധപ്പെട്ട ഇ.ആര്‍.ഒ പ്രത്യേകമായി പരിശോധിക്കും.
വ്യാജമായ അപേക്ഷകള്‍ തള്ളണമെന്നും തെറ്റായി നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ പുനസ്ഥാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വിഷയം പരിഹരിക്കാത്ത പക്ഷം പാര്‍ട്ടി പ്രതിഷേധവുമായി രംഗത്തെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്യുമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Mass applications to remove voters in Uttarakhand; Congress approaches Election Commission.
അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.