ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ചിരിയുണര്‍ത്തി ഓസീസ് സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിലാണ് ലബുഷാന്‍ കാണികള്‍ക്ക് ചിരിക്കാനുള്ള വകയൊരുക്കിയത്.
ഇന്ത്യയെ 296 റണ്‍സിന് എറിഞ്ഞിട്ട ഓസീസ് മൂന്നാം ദിവസം ചായക്ക് മുമ്പ് തന്നെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചിരുന്നു. എന്നാല്‍ മികച്ച തുടക്കമല്ല കങ്കാരുക്കള്‍ക്ക് ലഭിച്ചത്. മത്സരത്തിന്റെ നാലാം ഓവറില്‍ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു.
ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കവെയാണ് ആദ്യ വിക്കറ്റായി ഡേവിഡ് വാര്‍ണര്‍ പുറത്താകുന്നത്. നാലാം ഓവറിലെ മൂന്നാം പന്തില്‍ പുറത്താകുമ്പോള്‍ എട്ട് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രമായിരുന്നു വാര്‍ണറിന്റെ സമ്പാദ്യം.
വാര്‍ണര്‍ പുറത്തായതിന് പിന്നാലെയാണ് കാണികളെ ചിരിപ്പിച്ച സംഭവം അരങ്ങേറിയത്. മൂന്നാമനായി ഇറങ്ങേണ്ട മാര്‍നസ് ലബുഷാന്‍ ഡ്രസിങ് റൂമില്‍ ഉറക്കത്തിലായിരുന്നു. വാര്‍ണര്‍ പുറത്തായതൊന്നും അറിയാതെ നല്ല ഉറക്കത്തിലായിരുന്ന ലബുഷാന്‍ വിക്കറ്റ് വീണതറിഞ്ഞതോടെ പെട്ടെന്ന് ഉറക്കത്തില്‍ നിന്നും ഞെട്ടിയുണരുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.
