കോടി ക്ലബ്ബുകളുടെ മമിത, ബെത്‌ലഹേമിലൂടെ നേട്ടം തുടരാന്‍ താരം
Malayalam Cinema
കോടി ക്ലബ്ബുകളുടെ മമിത, ബെത്‌ലഹേമിലൂടെ നേട്ടം തുടരാന്‍ താരം
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 20th August 2026, 8:00 pm

2017ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ച താരമാണ് മമിത ബൈജു. പിന്നീട് ഹണിബീ 2, വരത്തന്‍, ഡാകിനി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ട താരം ശ്രദ്ധിക്കപ്പെടുന്നത് 2022ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയ ചിത്രമായിരുന്നു ഗിരീഷ് എ.ഡി തന്നെ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളില്‍ താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു.

മമിത ബൈജു. Photo: X.com

താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നാളെ (വെള്ളി) റിലീസ് ചെയ്യുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളി നായകനായെത്തുന്ന ചിത്രം എന്നതിലുപരി പ്രേമലുവിന്റെ സംവിധായകരും അണിയറ പ്രവര്‍ത്തകരുമാണ് ബെത്‌ലഹേമിലും പ്രവര്‍ത്തിക്കുന്നത് എന്നത് പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ നസ്‌ലെനും മമിതയും പ്രധാനവേഷത്തിലെത്തിയ പേമ്രലു 150 കോടിയ്ക്കടുത്തായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഇതിന് പിന്നാലെ തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിച്ച താരം വലിയ വിജയങ്ങള്‍ക്ക് ശേഷമാണ് ബെത്‌ലഹേമിലേക്ക് തിരിച്ചെത്തുന്നത്.

പ്രദീപ് രംഗനാഥന്‍ നായകനായി തമിഴില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഡ്യൂഡ് കോളിവുഡില്‍ മമിതയുടെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. യുവാക്കള്‍ക്കിടയില്‍ വലിയ രീതിയില്‍ ട്രെന്‍ഡായി മാറിയ ചിത്രം 118 കോടിയോളമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. പിന്നാലെ വിജയ്‌യുടെ അവസാന ചിത്രമെന്ന ടാഗ് ലൈനില്‍ പുറത്തിറങ്ങിയ ജന നായകനില്‍ താരത്തിന്റെ സഹോദരിയായി സുപ്രധാന വേഷമാണ് മമിത കൈകാര്യം ചെയ്തത്. ഒരുപാട് പ്രതിസന്ധികള്‍ക്കിടെ റിലീസ് ചെയ്തിട്ടും 350 കോടിയോളമാണ് ചിത്രം കളക്ട് ചെയ്തത്.

എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ നായികയായി മമിത പ്രത്യക്ഷപ്പെട്ടതാണ് സിനിമാ ലോകത്തെ അമ്പരിപ്പിച്ചത്. ലക്കി ഭാസ്‌കര്‍ എന്ന ഹിറ്റ് ദുല്‍ഖര്‍ ചിത്രത്തിന്റെ സംവിധായകനായ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത് ഒരാഴ്ച്ച മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിലെ മമിതയുടെ പ്രകടനത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്. ചിത്രം ഇതിനോടകം 130 കോടിയിലധികം ആഗോളതലത്തില്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo: District

തമിഴിലെ ഇതേ ഫോം ബെത്‌ലഹേമിലൂടെ മലയാളത്തിലും താരത്തിന് തുടരാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍ ഇപ്പോഴുള്ളത്. ഇന്ന് തിയേറ്ററുകളിലെത്തിയ ഖലീഫയ്ക്ക് ശരാശരി അഭിപ്രായം മാത്രം ലഭിച്ചതോടെ പോസിറ്റീവ് ലഭിച്ചാല്‍ ഫാമിലി ഓഡിയന്‍സിനെ മൊത്തം കൈയിലെടുക്കാനുള്ള അവസരമാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് സംജാതമായിരിക്കുന്നത്.

Content Highlight: Mamitha Baiju to continue her hit in Malayalam after Tamil cinemas

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.