സൂര്യ സാറിന്റെ വലിയ ഫാനാണ് ഞാൻ, പല ഡയലോഗുകളും ഇപ്പോഴും എനിക്ക് കാണാതെ അറിയാം: മമിത ബൈജു
Malayalam Cinema
സൂര്യ സാറിന്റെ വലിയ ഫാനാണ് ഞാൻ, പല ഡയലോഗുകളും ഇപ്പോഴും എനിക്ക് കാണാതെ അറിയാം: മമിത ബൈജു
അജ്മല്‍ കെ
Tuesday, 11th August 2026, 4:08 pm

മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയയായ നടിയാണ് മമിത ബൈജു. സൂപ്പർ ശരണ്യ, പ്രേമലു, പ്രണയ വിലാസം, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ മമിത തമിഴിലും ശ്രദ്ധേയമായ വേഷങ്ങളിലെത്തി. സൂര്യ നായകനാകുന്ന പുതിയ ചിത്രത്തിലൂടെ തമിഴിൽ വീണ്ടും ശ്രദ്ധ നേടാനൊരുങ്ങുകയാണ് താരം.

ചിത്രത്തിലെ മാഡി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും സൂര്യയോടുള്ള തന്റെ ആരാധനയെക്കുറിച്ചും തുറന്നു പറയുകയാണ് മമിത ബൈജു. ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സിതാര എന്റർടൈമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു മമിതയുടെ പ്രതികരണം.

വിശ്വനാഥ് ആൻഡ് സൺസ്.Photo.Screengrab/ Sithara Entertiment/ Youtube.com

‘എന്റെ ചേട്ടൻ സൂര്യ സാറിന്റെ വലിയ ഫാനാണ്. പുള്ളിയുടെ ലാപ്ടോപ്പിലൊക്കെ സൂര്യ സാറിന്റെ ഒരുപാട് സിനിമകളുണ്ടായിരുന്നു. അതൊക്കെ കണ്ടാണ് ഞാനും സൂര്യ സാറിന്റെ വലിയ ഫാനായത്. ആദ്യം സില്ലുനു ഒരു കാതൽ കണ്ടു. അതിലെ പല ഡയലോഗുകളും ഇപ്പോഴും എനിക്ക് കാണാതെ അറിയാം. സിനിമയുടെ അവസാനം കുന്ദവി വായിക്കുന്ന കത്തും അതിലെ കാര്യങ്ങളുമൊക്കെ ഇപ്പോഴും ഓർമയുണ്ട്. അത്രത്തോളം എനിക്ക് സൂര്യ സാറിനെ ഇഷ്ടമാണ്. ആദവൻ, അയൺ തുടങ്ങിയ സിനിമകളൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. വാരണം ആയിരം എനിക്ക് വലിയ പ്രചോദനം നൽകിയ സിനിമയാണ്. ഗജിനിയിലെ സൂര്യ സാറിന്റെ പ്രകടനവും എനിക്ക് ഭയങ്കര ഇഷ്ടമാണ്,’ മമിത ബൈജു പറഞ്ഞു.

സിനിമയുടെ നരേഷൻ സംവിധായകൻ ഫോണിൽ വിളിച്ചാണ് പറഞ്ഞതെന്നും കഥാപാത്രത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ തന്റെ ജെൻ സി സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നെന്നും മമിത പറഞ്ഞു.

‘നരേഷൻ ഫോണിൽ വിളിച്ചാണ് എന്നോട് പറഞ്ഞത്. അതിനുശേഷം എന്റെ ജെൻ സി സുഹൃത്തുക്കളോട് സംസാരിച്ച് അവർ എങ്ങനെയാണ് പെരുമാറുന്നത്, അവരുടെ സംസാര രീതിയൊക്കെ മനസ്സിലാക്കാൻ ശ്രമിച്ചു. കാരണം ഞാൻ അങ്ങനെയുള്ള ഒരു ടൈപ്പ് ഓഫ് ആൾ അല്ല. സിനിമയിലെ മാഡി വളരെ എനർജിയുള്ള ഒരാളാണ്. അതുകൊണ്ട് ആ കഥാപാത്രത്തിന്റെ സംസാര സ്റ്റൈൽ എനിക്ക് സ്വാഭാവികമായി വരില്ലായിരുന്നു. അത് കൃത്യമായി ചെയ്യാൻ വേണ്ടിയാണ് ജെൻ സി കുട്ടികളോട് സംസാരിക്കുകയും അത്തരം സിനിമകൾ കാണുകയും ചെയ്തത്,’മമിത പറഞ്ഞു.

കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ സംവിധായകനോട് നിരന്തരം അഭിപ്രായങ്ങൾ ചോദിച്ചിരുന്നെന്നും ഓരോ സീനിലും എത്രത്തോളം പെർഫോം ചെയ്യണമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷമാണ് മുന്നോട്ടുപോയതെന്നും താരം കൂട്ടിച്ചേർത്തു.

മമിത ബൈജു.Photo.Screengrab/ Youtube.com

‘ഡയറക്ടറോട് എപ്പോഴും എത്രത്തോളം അഭിനയിക്കണം, എത്രമാത്രം കൊടുക്കണം എന്നൊക്കെ ചോദിക്കുമായിരുന്നു. ഓരോ സീൻ ചെയ്യുമ്പോഴും ‘ഇത്ര മതിയോ, ഇങ്ങനെ തന്നെയാണോ വേണ്ടത്’ എന്നൊക്കെ ചോദിച്ചാണ് ചെയ്യാറുള്ളത്. കഥാപാത്രത്തെ കൃത്യമായി മനസ്സിലാക്കി അവതരിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. കാരണം അങ്ങനെയുള്ള ഒരു കഥാപാത്രമായിരുന്നു ഈ സിനിമയിൽ എന്റേത്,’ മമിത ബൈജു പറഞ്ഞു.

‘ലക്കി ഭാസ്കർ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിശ്വനാഥ് ആൻഡ് സൺസ്. സൂര്യയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മമിത ബൈജുവും രാധിക ശരത് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.

Content Highlight: Mamitha Baiju Talks about Actor surya

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.