വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനിടെ അമേരിക്കൻ സൈന്യത്തിന് MQ-9 റീപ്പർ ഡ്രോണുകളുടെ ഏകദേശം നാലിലൊന്ന് നഷ്ടമായതായി ദ വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കുറഞ്ഞത് 45 MQ-9 റീപ്പർ ഡ്രോണുകളാണ് ഇതുവരെ നഷ്ടപ്പെട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് അമേരിക്കയുടെ റീപ്പർ ഡ്രോൺ ശേഖരത്തിന്റെ ഏകദേശം 25 ശതമാനത്തോളം വരും.
നഷ്ടപ്പെട്ട ഡ്രോണുകളുടെ മൂല്യം മാത്രം ഏകദേശം 1.3 ബില്യൺ ഡോളറിലധികമാണെന്നാണ് കണക്ക്. സെൻസറുകളും ആയുധ സംവിധാനങ്ങളും ഉൾപ്പെടുന്ന ഉപകരണങ്ങളുടെ ഘടന അനുസരിച്ച് ഒരു MQ-9 റീപ്പറിന് ഏകദേശം 30 മുതൽ 50 ദശലക്ഷം ഡോളർ വരെ വില വരും.
ഇറാനുമായുള്ള സംഘർഷത്തിൽ ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള മേഖലയിൽ നിരീക്ഷണത്തിനും കൃത്യതയാർന്ന ആക്രമണങ്ങൾക്കുമായി റീപ്പർ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.ഇവ സാവധാനം പറക്കുന്നതും താഴ്ന്ന ഉയരത്തിൽ പ്രവർത്തിക്കുന്നതുമായതിനാൽ ഇറാനിയൻ സേനയ്ക്കും അവർ പിന്തുണയ്ക്കുന്ന ഗ്രൂപ്പുകൾക്കും ഇവയെ ലക്ഷ്യം വെച്ച് വീഴ്ത്താൻ എളുപ്പമായിരുന്നു.
കൂടാതെ, സാങ്കേതിക തകരാറുകൾ മൂലവും (ഓപ്പറേറ്റർമാരുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുന്നത്) ചില ഡ്രോണുകൾ തകർന്നിട്ടുണ്ട്.
എല്ലാ ഡ്രോണുകളും വെടിവെച്ചിട്ടതല്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡ്രോണുകളും അവ നിയന്ത്രിക്കുന്ന ഓപ്പറേറ്റർമാരും തമ്മിലുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ചില റീപ്പറുകൾ തകർന്നുവീണതായും റിപ്പോർട്ടുണ്ട്.
റീപ്പർ ഡ്രോണുകളുടെ നഷ്ടം അമേരിക്കയുടെ ആയുധശേഖരത്തിലെ സമ്മർദം കൂടുതൽ വ്യക്തമാക്കുന്നതായാണ് വിലയിരുത്തൽ. ഇറാൻ യുദ്ധത്തിനിടെ ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ, പാട്രിയറ്റ്, ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് തുടങ്ങിയ വ്യോമപ്രതിരോധ സംവിധാനങ്ങളും അമേരിക്ക വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ദീർഘകാല സംഘർഷം തുടരുകയാണെങ്കിൽ ഇവയുടെ ശേഖരം പുനഃസ്ഥാപിക്കുന്നതും നിർണായക വെല്ലുവിളിയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, MQ-9 റീപ്പർ നഷ്ടങ്ങളുടെ കണക്കുകൾ അമേരിക്കൻ സൈന്യത്തിന്റെ ഡ്രോൺ ശേഷിയിൽ നേരിട്ടുള്ള സമ്മർദം സൃഷ്ടിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഉയർന്ന ഭീഷണിയുള്ള വ്യോമമേഖലകളിൽ ചെലവേറിയതും താരതമ്യേന മന്ദഗതിയിലുള്ളതുമായ ഡ്രോണുകൾ ഉപയോഗിക്കുന്നതിന്റെ പരിമിതികളും ഇതോടെ ചർച്ചയാകുകയാണ്.
ദീർഘകാലമായി തുടരുന്ന യുദ്ധം അമേരിക്കയുടെ ആയുധ ശേഖരത്തെയും പ്രതിരോധ ശേഷിയെയും കാര്യമായി ബാധിക്കുന്നുവെന്നതിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.
Content Highlight:Major setback for US in Iran war; 45 Reaper drones lost