bindhu-krishna1[]ന്യൂദല്‍ഹി: അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കരുതെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി മഹിളാ കോണ്‍ഗ്രസ് കൂടിക്കാഴ്ച നടത്തി. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ തടയണമെന്നും മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്.

ബാര്‍ വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റിനൊപ്പമാണ് മഹിളാ കോണ്‍ഗ്രസ്. സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ രംഗത്തുവരണമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് കാരണം മദ്യവും മയക്കുമരുന്നുമാണ്. സമ്പൂര്‍ണ മദ്യനിരോധനം എന്ന കാര്യത്തെ അപ്രായോഗികമെന്ന് പറഞ്ഞ് തള്ളുകയല്ല വേണ്ടത്. അപ്രായോഗികതയെ പ്രായോഗികമാക്കാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ബാറുകള്‍ അടഞ്ഞുകിടക്കുന്നതിനെ ന്യായീകരിക്കുകയാണെന്നും കുടുംബങ്ങളില്‍ സമാധാനാന്തരീക്ഷം ഉണ്ടായിട്ടുണ്ടെന്നും അവര്‍  കൂട്ടിച്ചേര്‍ത്തു.

അതിനിടെ ബാര്‍ വിഷയത്തില്‍ സുധീരനെ അനുകൂലിച്ച് മുസ്‌ലിം ലീഗും രംഗത്തെത്തി. കോണ്‍ഗ്രസിലെ തര്‍ക്കമാണ് പ്രശ്‌നം പരിഹരിക്കുന്നത് വൈകിക്കുന്നതെന്ന് ലീഗ് നേതാവ് കെ.പി.എ മജീദ് അഭിപ്രായപ്പെട്ടു. സര്‍ക്കാരിനെ വിലക്ക് വാങ്ങാന്‍ കഴിവുള്ളവരാണ് മദ്യലോബി. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നും ഇതാണ് ലീഗിന്റെ നിലപാടെന്നും മജീദ് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇതിനിടെ ബാര്‍വിഷയത്തില്‍ സര്‍ക്കാരിന് താക്കീതുമായി കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മീസ് രംഗത്തുവന്നു. പൂട്ടിയ ബാറുകള്‍ തുറന്നാല്‍ സര്‍ക്കാരിന്റെ അന്ത്യമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മദ്യനിരോധനത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യവും കുറ്റപ്പെടുത്തി.