‘അങ്കം അട്ടഹാസം’ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ നൽകാതിരിക്കാൻ യൂട്യൂബർ അശ്വന്ത് കോക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന വിവാദത്തിൽ ഒടുവിൽ വിശദീകരണവും ഖേദപ്രകടനവുമായി നടൻ മാധവ് സുരേഷ് രംഗത്ത്.

അശ്വന്ത് കോക്ക് നേരിട്ടല്ല തങ്ങളെ വിളിച്ചതെന്നും അദ്ദേഹത്തിന്റെ പേരിൽ മറ്റാരോ ആണ് പണം ആവശ്യപ്പെട്ടതെന്നും മാധവ് വ്യക്തമാക്കി. ഈ വിവാദങ്ങളുടെ പേരിൽ തന്റെ പിതാവും നടനുമായ സുരേഷ് ഗോപിയെ സോഷ്യൽ മീഡിയയിൽ മോശം രീതിയിൽ കളിയാക്കിയതിൽ വിഷമമുണ്ടെന്നും തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രചാരണം അശ്വന്ത് കോക്കിന് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് സംസാരിക്കാനാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും മാധവ് കൂട്ടിച്ചേർത്തു.

സിനിമയുടെ പ്രൊഡ്യൂസറെ അശ്വന്ത് കോക്കിനെ പ്രതിനിധീകരിച്ച് ഒരാൾ വിളിക്കുകയായിരുന്നു എന്നാണ് മാധവ് ഇപ്പോൾ നൽകുന്ന വിശദീകരണം.

‘അയാൾക്ക് ഒരു ലക്ഷം രൂപ കൊടുത്താൽ നെഗറ്റീവ് റിവ്യൂ ഇടാതിരിക്കും, നിങ്ങൾ ആലോചിച്ചു കാര്യം പറയുക’ എന്നാണ് വിളിച്ചയാൾ പറഞ്ഞത്. എന്നാൽ ഒരിടത്തും അശ്വന്ത് കോക്ക് പണം വാങ്ങി എന്നോ തങ്ങൾ പണം കൊടുത്തു എന്നോ പറഞ്ഞിട്ടില്ലെന്നും മാധവ് വ്യക്തമാക്കി.

അശ്വന്ത് കോക്കിന്റെ പേര് ഉപയോഗിച്ച് ആരെങ്കിലും ഇത്തരം തട്ടിപ്പുകൾ നടത്തുന്നുണ്ടെങ്കിൽ അതിന്റെ സത്യാവസ്ഥ കണ്ടുപിടിച്ച് സ്വന്തം പേര് സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും നടൻ ഓർമിപ്പിച്ചു. ന്യൂസ് 18 ചാനൽ ചർച്ചയ്ക്കിടെയാണ് മാധവ് ഈ സംഭവത്തിൽ തന്റെ പ്രതികരണം അറിയിച്ചത്.

അശ്വന്ത് കോക്ക്,മാധവ് സുരേഷ്.Photo:MalayalamNews

സുജിത് എസ്. നായർ സംവിധാനം ചെയ്ത് മെയ് 8-ന് തിയേറ്ററുകളിലെത്തിയ ‘അങ്കം അട്ടഹാസം’ തിയേറ്ററുകളിൽ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാധവ് സുരേഷും ചിത്രത്തിന്റെ നിർമാതാവും നെഗറ്റീവ് റിവ്യൂ  ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു എന്ന ആരോപണം ഉന്നയിച്ചത്.

ഇതിനെതിരെ സ്വന്തം യൂട്യൂബ് ചാനലിലൂടെ കടുത്ത ഭാഷയിലാണ് അശ്വന്ത് കോക്ക് പ്രതികരിച്ചത്. തനിക്കെതിരെ ഉന്നയിച്ച ആരോപണത്തിന് തെളിവ് ആവശ്യപ്പെട്ട കോക്ക്, താൻ ഒരു സിനിമയിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും അത് തെളിയിച്ചാൽ റിവ്യൂ ചെയ്യുന്നത് നിർത്തുമെന്നും വെല്ലുവിളിച്ചു.

അങ്കം അട്ടഹാസംPhoto:Book my show

വീഡിയോയ്ക്കിടെ നടൻ ധ്യാൻ ശ്രീനിവാസനെക്കുറിച്ച് അശ്വന്ത് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. തുടർച്ചയായ പരാജയങ്ങൾ ഉണ്ടായിട്ടും തന്റെ മോശം റിവ്യൂകൾക്ക് എതിരെ ധ്യാൻ ഒരിക്കലും ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും, നൂറു ജന്മം ജനിച്ചാലും ധ്യാനിനെപ്പോലെയാകാന്‍ മാധവ് സുരേഷിനാവില്ലെന്നും കോക്ക് വിമർശിച്ചിരുന്നു.

പരസ്യമായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നതോടെയാണ് മാധവ് ഇപ്പോൾ ക്ഷമാപണവുമായി രംഗത്തെത്തിയത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ അശ്വന്ത് കോക്കിന്റെ മറുപടി എന്തായിരിക്കുമെന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഉറ്റുനോക്കുന്നത്.

Content Highlight: Madhav Suresh apologizes to Aswanth Kok over recent controversy