യുവതാരങ്ങള്‍ക്ക് ബെഞ്ചിലിരുന്ന് കളി കാണാനല്ല, മൈതാനത്തിറങ്ങി കളിയുടെ ഗതി മാറ്റാനാണ് അവസരം. സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണ്‍ പുരോഗമിക്കുമ്പോഴും വ്യക്തമാവുന്നത് അതാണ്.

കഴിഞ്ഞ രണ്ട് സീസണുകളിലായി സിനാന്‍, കമാലുദീന്‍, എബിന്‍ദാസ്, അജ്‌സല്‍, അര്‍ഷാഫ് തുടങ്ങി നിരവധി യുവതാരങ്ങള്‍ ലീഗിലൂടെ തങ്ങളുടെ മികവ് അടയാളപ്പെടുത്തി, ഇന്ത്യന്‍ ടീമിലേക്കും മുന്‍നിര ക്ലബ്ബുകളിലേക്കും മുന്നേറി.

മറ്റു പല ലീഗുകളില്‍ നിന്നും വ്യത്യസ്തമായി, യുവതാരങ്ങള്‍ക്ക് മാച്ച് ടൈം ലഭിക്കുന്നു എന്നതാണ് സൂപ്പര്‍ ലീഗ് കേരളയുടെ പ്രത്യേകത. എല്ലാ ടീമുകളും ആദ്യ ഇലവനില്‍ കുറഞ്ഞത് രണ്ട് അണ്ടര്‍ 23 താരങ്ങളെ ഉള്‍പ്പെടുത്തണം എന്ന നിബന്ധന ശ്രദ്ധേയമാണ്.

 

ഈ സീസണിലും ഗ്യാലറിയില്‍ നിന്ന് യുവതാരങ്ങളുടെ പേരുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു.

രണ്ട് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാലിക്കറ്റ് എഫ്.സി വിങ്ങറായ ആന്‍ഡ്രൂസിന്റെ പ്രകടനം പ്രശംസ പിടിച്ചുപറ്റി.

വേഗതയാണ് ഈ കൊച്ചിക്കാരന്റെ കരുത്ത്. പന്തുമായി മുന്നേറി എതിരാളികളുടെ പ്രതിരോധത്തില്‍ വിള്ളലുകള്‍ കണ്ടെത്താനും കഴിയുന്നു. വിങ്ങിലൂടെ പന്തുമായി കുതിക്കുന്നു എന്നത് മാത്രമല്ല ആന്‍ഡ്രൂസിന്റെ കളിയുടെ പ്രത്യേകത. പ്രതിരോധക്കാരനെ വേഗത്തില്‍ ദിശമാറ്റി ഉള്ളിലേക്ക് കയറാനും അയാള്‍ക്ക് കഴിയുന്നു.

വ്യക്തിഗത വേഗതയെ ടീമിന്റെ ആക്രമണസാധ്യതയാക്കി മാറ്റുന്ന ഫുട്‌ബോള്‍ ബോധമാണ് അവന്‍ പ്രദര്‍ശിപ്പിക്കുന്നത്.

നായകന്‍ പ്രശാന്തിനൊപ്പം ഇടതും വലതും മാറിമാറി കളിക്കാനുള്ള ആന്‍ഡ്രൂസിന്റെ കഴിവും ശ്രദ്ധിക്കപ്പെട്ടു. ആദ്യ രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനില്‍ ഇടം നേടിയ അവന്‍, പരിശീലകന്റെ വിശ്വാസം കാത്തു.

അര്‍ജന്റീനക്കാരന്‍ പരിശീലകന്‍ എവര്‍ ഡിമാല്‍ഡെയുടെ കീഴില്‍, ലാറ്റിന്‍ അമേരിക്കന്‍ താരങ്ങള്‍ക്കൊപ്പം പരിശീലിക്കാനും കളിക്കാനുമുള്ള അവസരം ആന്‍ഡ്രൂസിന് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. പന്തിന്റെ വേഗത്തിലുള്ള കൈമാറ്റം, ഇടുങ്ങിയ ഇടങ്ങളില്‍നിന്ന് മുന്നേറാനുള്ള തന്ത്രം, പ്രതിരോധത്തിനും ആക്രമണത്തിനുമിടയിലെ സ്ഥാനബോധം ഇവയെല്ലാം ലാറ്റിന്‍ തരങ്ങളില്‍ നിന്ന് പഠിക്കാന്‍ കഴിയുന്നത് ഒരു യുവ വിങ്ങറുടെ കളിയെ കൂടുതല്‍ പക്വമാക്കും.

വലതുമിഡ്ഫീല്‍ഡില്‍ കളിക്കുന്ന കാല്‍വിന്‍ തോമസുമൊത്തുള്ള
ആന്‍ഡ്രൂസിന്റെ കൂട്ടുകെട്ട് കാലിക്കറ്റിന്റെ മുന്നോട്ടുപോക്കില്‍ ഇത്തവണ നിര്‍ണായകമാകും.
ഒരാള്‍ വിങ്ങിലൂടെ പ്രതിരോധത്തെ വലിച്ചുനീക്കുമ്പോള്‍ മറ്റൊരാള്‍ക്ക് മധ്യഭാഗത്തോ ഹാഫ് സ്‌പേസിലോ ഇടം കണ്ടെത്താന്‍ കഴിഞ്ഞാല്‍, കാലിക്കറ്റിന്റെ ആക്രമണങ്ങള്‍ക്ക് പുതിയ മാനം കൈവരും.

2005 ഡിസംബര്‍ 24ന് കടവന്ത്രയില്‍ ജനിച്ച ആന്‍ഡ്രൂസ്
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കളിയെ ഗൗരവത്തിലെടുക്കുന്നത്. പിന്നീട് ട്രയല്‍സിലൂടെ തിരുവനന്തപുരം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലേക്ക്. അവിടത്തെ പ്രകടനങ്ങള്‍ സാഫ് കപ്പിനുള്ള ഇന്ത്യന്‍ അണ്ടര്‍-19 ടീമിലേക്ക് വാതില്‍ തുറന്നു.

കേരള പ്രീമിയര്‍ ലീഗിലെ പ്രകടനങ്ങള്‍ ഈസ്റ്റ് ബംഗാള്‍ എഫ്.സിയുടെ ശ്രദ്ധയാകര്‍ഷിച്ചു. 2025-26 സീസണില്‍ കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ് കിരീടം നേടിയ ഈസ്റ്റ് ബംഗാള്‍ ടീമില്‍ അംഗമായി.

വ്യത്യസ്ത തലങ്ങളിലെ മത്സരങ്ങളിലൂടെ അനുഭവം സമ്പാദിച്ച ശേഷമാണ് ഈ സീസണില്‍ ഇരുപതുകാരന്‍ കാലിക്കറ്റ് എഫ് സിയുടെ കുപ്പായത്തിലെത്തുന്നത്.

”2022ല്‍ സൂപ്പര്‍ ലീഗ് കേരളയുടെ രൂപരേഖ തയ്യാറാക്കുമ്പോള്‍ത്തന്നെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ വ്യക്തമായ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു.

മൂന്നാം സീസണിലെത്തുമ്പോള്‍ ആ കാഴ്ചപ്പാട് ഫലം കാണുന്നത് സന്തോഷകരമാണ്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങളും വളര്‍ച്ചയുടെ പുതിയ വഴികളും തുറക്കുന്ന പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്,” സൂപ്പര്‍ ലീഗ് കേരള മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ പറഞ്ഞു.

ഫിറോസ് മീരാന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ മത്സരങ്ങള്‍ ആവേശകരമായി തുടരുകയാണ്. അതിനൊപ്പം ആന്‍ഡ്രൂസിനെപ്പോലുള്ളവര്‍ക്ക് മുന്നിലുള്ള സാധ്യതകളും.

യുവതാരങ്ങള്‍ക്ക് മൈതാനം തുറന്നുനല്‍കുന്ന ഒരു ലീഗില്‍, സ്വന്തം മികവും അധ്വാനവും കൊണ്ട് ആ അവസരത്തെ കരിയറിന്റെ അടുത്ത പടിയാക്കി മാറ്റാന്‍ അവര്‍ക്ക് കഴിയണം. അങ്ങനെ സംഭവിച്ചാല്‍, കേരള ഫുട്‌ബോളിന്റെ ടാലന്റ് പൂള്‍ കൂടുതല്‍ വൈവിധ്യവുമുള്ളതാകും.

വേഗവും ഡ്രിബ്ലിങ്ങും മാത്രമല്ല, പൊസിഷണല്‍ ബോധം, തീരുമാനമെടുക്കാനുള്ള വേഗം, സമ്മര്‍ദത്തെ അതിജീവിക്കാനുള്ള മികവ്ആധുനിക ഫുട്‌ബോളിന് അനിവാര്യമായ ഗുണങ്ങളുമായി ഒരു പുതിയ തലമുറ വളര്‍ന്നുവരും. അതിന്റെ ഗുണഫലം ക്ലബ് ഫുട്‌ബോളിലും ദേശീയ ടീം തലത്തിലും പ്രതിഫലിക്കും.

ഒരു ലീഗിന്റെ വിജയം കിരീടം നേടുന്ന ടീമികളിലൂടെ മാത്രം അളക്കാനാവില്ല. ആ ലീഗിലൂടെ വളര്‍ന്ന് ഉയര്‍ന്ന തലങ്ങളില്‍ കളിക്കാന്‍ പ്രാപ്തി നേടുന്ന താരങ്ങളിലൂടെയും അതിന്റെ നിലവാരം അളക്കപ്പെടും.

ആ അര്‍ഥത്തില്‍, ആന്‍ഡ്രൂസിനെപ്പോലുള്ള യുവതാരങ്ങള്‍ക്ക് സൂപ്പര്‍ ലീഗ് കേരള നല്‍കുന്ന ഓരോ മിനിറ്റും കേരള ഫുട്‌ബോളിന്റെ നാളേക്കുള്ള നിക്ഷേപമാണ്.

 

Content Highlight: M.M. Jaffer Khan writes about Calicut FC youngster Andrews.