മേജര്‍ ലീഗ് സോക്കറില്‍ ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഇന്റര്‍ മയാമി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ തിരിച്ചുവരവിന് കൂടിയാണ് ഫുട്ബോള്‍ ലോകം സാക്ഷിയായത്.

അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു മെസിക്ക് പരിക്കു പറ്റിയിരുന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ മെസി പരിക്കിനെ വകവയ്ക്കാതെ വീണ്ടും കളിക്കുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പരിക്ക് കൂടുതല്‍ വഷളായതോടെ മെസി മത്സരം പൂര്‍ത്തിയാക്കാനാവാതെ കളം വിടുകയായിരുന്നു.

എന്നാല്‍ പരിക്കേറ്റ് തിരിച്ചെത്തിയ മത്സരത്തില്‍ തന്നെ മിന്നും പ്രകടനമായിരുന്നു മെസി നടത്തിയത്. മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്. മത്സരശേഷം തന്റെ തിരിച്ചുവരവിനെക്കുറിച്ച് മെസി സംസാരിച്ചു. കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും മയാമിക്കൊപ്പം ലീഗ് ഷീല്‍ഡ് നേടുകയാണ് ലക്ഷ്യമെന്നുമാണ് മെസി പറഞ്ഞത്.

‘ഏറെ നാളുകള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നു. അങ്ങനെ ഞാന്‍ ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. എനിക്കിപ്പോള്‍ പരിക്ക് മാറിയെന്ന് തോന്നി. അതുകൊണ്ടാണ് ഞാന്‍ ആദ്യ ഇലവനില്‍ തന്നെ കളിക്കാന്‍ തീരുമാനിച്ചത്.

ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഞങ്ങളുടെ ടീമിനെ ഞങ്ങള്‍ക്ക് നന്നായി അറിയാം. ലീഗ് ഷീല്‍ഡ് നേടുക എന്നതാണ് ഇപ്പോള്‍ ഞങ്ങളുടെ മുന്നിലുള്ള പ്രധാന ലക്ഷ്യം. അതിനാല്‍ ഈ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു,’ മെസി എം.എല്‍.എസ് വെബ്‌സൈറ്റിലൂടെ പറഞ്ഞു.

അതേസമയം മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ മൈക്കല്‍ ഉഹ്റയുടെ ഗോളിലൂടെ ഫിലാഡല്‍ഫിയയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 26, 30 എന്നീ മിനിട്ടുകളില്‍ മെസിയുടെ ഗോളുകളിലൂടെ മയാമി മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു.

ഒടുവില്‍ ആദ്യ പകുതി അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ ഗോളുകളുടെ കരുത്തില്‍ മയാമി മുന്നിലെത്തി. രണ്ടാം പകുതിയില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ സൂപ്പര്‍താരം ലൂയി സുവാരസും ലക്ഷ്യം കണ്ടതോടെ മയാമി മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു. ഈ ഗോളിന് വഴിയൊരുക്കിയത് മെസിയായിരുന്നു.

നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 28 മത്സരങ്ങളില്‍ നിന്നും 19 വിജയവും അഞ്ച് സമനിലയും നാല് തോല്‍വിയുമടക്കം 62 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്റര്‍ മയാമി. സെപ്റ്റംബര്‍ 19ന് അറ്റ്ലാന്‍ഡ യുണൈറ്റഡിനെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. മേഴ്സിഡസ് ബെന്‍സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Lionel Messi Talks About His Great Come Back After Injury