തന്റെ കുടുംബത്തെ അത്രമേല്‍ വിലമതിക്കുന്നയാളാണ് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി. ഭാര്യ അന്റേറാണെല്ലയും മക്കളും മെസിക്കൊപ്പം സോഷ്യല്‍ മീഡിയയിലും പൊതുവേദികളിലും പ്രത്യക്ഷപ്പെടാറുള്ളത് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
മാറ്റിയോ മെസി റൊക്കൂസോ, തിയാഗോ മെസി റൊക്കൂസോ, സിറോ മെസി റൊക്കൂസോ എന്നീ മൂന്ന് കുട്ടികളുടെ പിതാവാണ് മെസി. ഇപ്പോഴിതാ തന്റെ രണ്ടാത്തെ മകന് മാറ്റിയോയെ പോലെയായിരുന്നു താന്‍ കുട്ടിയായിരുന്നപ്പോഴെന്ന് പറയുകയാണ് മെസി. ഇ.എസ്.പി.എന്നിനോടായിരുന്നു മെസിയുടെ പ്രതികരണം.
‘ഞാന്‍ ചെറുപ്പത്തില്‍ എങ്ങനെയായിരുന്നുവോ അതുപോലെതന്നെയാണ് മാറ്റിയോയും. ഒന്നും നഷ്ടപ്പെടാന്‍ ആഗ്രഹിക്കാത്ത വ്യക്തിയാണ് മാറ്റിയോ. എന്തെങ്കിലും നഷ്ടപ്പെട്ടുകഴിഞ്ഞാല് പിന്നീട് അവന് അസ്വസ്ഥനാകും. തന്റെ സഹോദരന്മാരുമായി അടികൂടും.
എങ്ങനെയാണ് പരാജയപ്പെടുക എന്നുള്ളത് അവന് അറിയില്ല. പരാജയപ്പെടുന്നതിനെ അവന് ഇഷ്ടപ്പെടുന്നില്ല. അത്തരം കാര്യങ്ങളെ അവഗണിക്കാന്‍ അവന് അറിയുന്നുമില്ല. അതുകൊണ്ടുതന്നെ എപ്പോഴും വിജയിക്കാന്‍ ഞാന്‍ അവനെ അനുവദിക്കാറുണ്ട്,’ മെസി പറഞ്ഞു.
കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സന്തോഷമുള്ളയാളാണെന്നും മക്കള്‍ക്ക് ഫുട്ബോള്‍ ഇഷ്ടമാണെന്നും മെസി പറഞ്ഞു.
Messi says his son Mateo is just like he was as a child 🥺❤️ pic.twitter.com/0vdU379ouE
— ESPN FC (@ESPNFC) October 6, 2022
‘എന്റെ കുട്ടികളെ സന്തോഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് ഫുട്ബോളിനെ ഇഷ്ടമാണ്, വീട്ടില്‍ അവര്‍ക്ക് ഒരു ചെറിയ മൈതാനമുണ്ട്. അവരോടൊപ്പം ചിലവഴിക്കുന്ന സമയം ഞാന്‍ വളരെ സന്തോഷവാനാണ്,’ മെസി പറഞ്ഞു.
അതേസമയം, ഖത്തറിലേത് തന്റെ അവസാന ലോകക്കപ്പാകുമെന്ന് മെസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘ഇതെന്റെ അവസാന ലോകകപ്പായിരിക്കും. അക്കാര്യം ഉറപ്പാണ്. ഞാന്‍ ആ തീരുമാനം എടുത്തുകഴിഞ്ഞു. ലോകകപ്പിനോടടുക്കുന്ന ഓരോ ദിവസവും ഞാന്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്.
ഇനിയും ലോകകപ്പിനായി കാത്തിരിക്കാനാവില്ല. കളിയെല്ലാം നന്നായി പോകുമെന്നാണ് വിചാരിക്കുന്നത്,’ എന്നാണ് മെസി പറഞ്ഞിരുന്നത്.
CONTENT HIGHLIGHTS: Lionel Messi’s comment about his son Mateo Messi Roccuzzo
