ലൈഫ് മിഷൻ നിർത്തും; പുതിയ ഭവന പദ്ധതി ആരംഭിക്കുമെന്ന് യു.ഡി.എഫ്
Kerala
ലൈഫ് മിഷൻ നിർത്തും; പുതിയ ഭവന പദ്ധതി ആരംഭിക്കുമെന്ന് യു.ഡി.എഫ്
മുഹമ്മദ് നബീല്‍
Friday, 22nd May 2026, 11:34 am

തിരുവനന്തപുരം: എൽ.ഡി.എഫിന്റെ അഭിമാന പദ്ധതികളിലൊന്നായിരുന്നു ലൈഫ് മിഷൻ. പത്തുവർഷംകൊണ്ട് 5 ലക്ഷം വീടുകൾ നിർമിച്ച പദ്ധതി എൽ.ഡി.എഫിന് തുടർഭരണം ലഭിക്കാൻ പോലും കരണമായെന്നാണ് വിലയിരുത്തൽ.

എന്നാൽ വി.ഡി സതീശന്റെ നേതൃത്വത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതോടെ ലൈഫ് മിഷൻ നിർത്തലാക്കാനൊരുങ്ങുകയാണിപ്പോൾ.

ലൈഫ് മിഷൻ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നു എന്ന് ആരോപിച്ചാണ് യു.ഡി.എഫ് പദ്ധതി നിർത്തലാക്കുന്നത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിൽ ഗ്രാമസഭകൾക്ക് കൂടിയും അധികാരം നൽകുന്ന പുതിയ ഭവന പദ്ധതി രൂപീകരിക്കാനാണ് യു.ഡി.എഫ് നീക്കം.

പുതിയ പദ്ധതിക്കായി തദ്ദേശ വകുപ്പ് നടപടികൾ തുടങ്ങിയിട്ടുണ്ട്. ലൈഫ് മിഷൻ നടപ്പാക്കിയതോടെ പല കേന്ദ്ര ഫണ്ടുകളും നഷ്ട്ടപെടുന്നുണ്ടെന്നും തദ്ദേശവകുപ്പ് അറിയിച്ചു.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് കോൺഗ്രസ് നേതാക്കൾ മുമ്പ് പറഞ്ഞിരുന്നു. ഈ ഭവന പദ്ധതിക്കെതിരെ അഴിമതി ആരോപണങ്ങളും യു.ഡി.എഫ് ഉന്നയിച്ചിരുന്നു. വ്യജമായ അഴിമതി ആരോപണങ്ങളിലൂടെ പാവപ്പെട്ട മനുഷ്യരുടെ ഭവന മോഹങ്ങൾക്ക് യു.ഡി.എഫ് തടയിടുകയാണെന്നായിരുന്നു എൽ.ഡി.എഫിന്റെ മറുപടി.

മുമ്പുണ്ടായിരുന്ന വിവിധ ഭവന പദ്ധതികൾ ഏകോപിപ്പിച്ചായിരുന്നു 2016 ൽ എൽ.ഡി.എഫ് ലൈഫ് മിഷൻ ആരംഭിച്ചത്. പട്ടിക വർഗ്ഗത്തിൽ പെട്ടവർക്ക് 6 ലക്ഷം രൂപയും മറ്റുള്ളവർക് 4 ലക്ഷം രൂപയുമായിരുന്നു സർക്കാർ അനുവദിച്ചിരുന്നത്. 20,831.60 കോടിരൂപയാണ് ലൈഫ് മിഷനുവേണ്ടി എൽ.ഡി.എഫ് സർക്കാർ ചിലവഴിച്ചത്.

Content Highlight: Life Mission will be stopped; UDF says it will start a new housing project

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം