അടിച്ചുമാറ്റിയ ബി.ജി.എമ്മും ചെസ്റ്റ് വര്‍ക്കൗട്ട് കഴിഞ്ഞിറങ്ങിയ ജോര്‍ജ് സാറും... ട്രോളന്മാര്‍ക്ക് ചാകരയായി ലോ ആന്‍ഡ് ഓര്‍ഡര്‍
Malayalam Cinema
അടിച്ചുമാറ്റിയ ബി.ജി.എമ്മും ചെസ്റ്റ് വര്‍ക്കൗട്ട് കഴിഞ്ഞിറങ്ങിയ ജോര്‍ജ് സാറും... ട്രോളന്മാര്‍ക്ക് ചാകരയായി ലോ ആന്‍ഡ് ഓര്‍ഡര്‍
അമര്‍നാഥ് എം.
Saturday, 8th August 2026, 6:25 pm

ഒരിടവേളക്ക് ശേഷം ട്രോളന്മാര്‍ക്ക് ചാകരയുമായി എത്തിയിരിക്കുകയാണ് രഞ്ജിത്തും ഉദയകൃഷ്ണയും. കരിയറില്‍ ഇതുവരെ ഒന്നിക്കാത്ത ഈ കോമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലോ ആന്‍ഡ് ഓര്‍ഡര്‍. അവസാനം ചെയ്ത സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാക്കിയ ഇരുവരും ഇത്തവണയും പതിവ് തെറ്റിക്കില്ലെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

പൊലീസ് ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിനെ വലിച്ചുകീറുകയാണ് സോഷ്യല്‍ മീഡിയ. ആദ്യഷോട്ടില്‍ പൊലീസ് ഓഫീസര്‍മാരായി വേഷമിടുന്നവരുടെ സല്യൂട്ട് കാണുമ്പോള്‍ തന്നെ സിനിമയുടെ നിലവാരം മനസിലാകുന്നുണ്ടെന്നാണ് കമന്റുകള്‍. ഇതിന് പുറമെ ടീസറിന്റെ എഡിറ്റും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. ഫാന്‍മെയ്ഡ് വീഡിയോ നിര്‍മിക്കുന്നവര്‍ ഇതിലും നന്നായി എഡിറ്റ് ചെയ്യുമെന്നാണ് വിമര്‍ശനം.

ടീസറില്‍ പ്രകാശ് വര്‍മയെ കാണിക്കുന്ന ഷോട്ട് ഇപ്പോള്‍ എയറിലാണ്. എഡിറ്റര്‍ വെറൈറ്റി പിടിക്കാന്‍ നോക്കിയതാണെന്നും 2014ല്‍ ഇത്തരം ഷോട്ടുകള്‍ ഫ്രഷാണെന്നും കമന്റുകളുണ്ട്. ജിമ്മില്‍ ചെസ്റ്റ് വര്‍ക്കൗട്ട് കഴിഞ്ഞ് വന്നതുകൊണ്ട് പ്രകാശ് വര്‍മ നെഞ്ച് വിരിച്ച് നടക്കുകയാണെന്നും പലരും പരിഹസിക്കുന്നുണ്ട്. ജോര്‍ജ് സാറിന്റെ ബാധ വിട്ടുമാറിയില്ലേയെന്നും ചിലര്‍ ചോദിക്കുന്നു.

ടീസറിന്റെ ഒടുവില്‍ വരുന്ന ബി.ജി.എം ഹോളിവുഡില്‍ നിന്ന് അടിച്ചുമാറ്റിയതാണെന്ന് ട്രോളന്മാര്‍ കണ്ടുപിടിച്ചു. F1 എന്ന സിനിമയുടെ ടൈറ്റില്‍ ട്രാക്കാണ് ഇതെന്നും ഹാന്‍സ് സിമ്മര്‍ ഇത് കണ്ടാല്‍ കേസ് കൊടുക്കുമെന്നുമാണ് കമന്റുകള്‍. അവസാനം ചെയ്ത സിനിമകളെല്ലാം ഒരേ കഥയിലൊരുക്കിയ ഉദയകൃഷ്ണ എന്ന ഒറ്റപ്പേര് മതി സിനിമക്ക് ടിക്കറ്റ് എടുക്കാതിരിക്കാനെന്നും പലരും പരിഹസിക്കുന്നു.

ലോ ആൻഡ് ഓർഡർ. പ്രകാശ് വർമ്മ.Photo: Screengrab/ Youtube

അടുത്തകാലത്തായി ചെയ്യുന്ന കാമിയോ റോളുകള്‍ ട്രോള്‍ മെറ്റീരിയലാകുന്ന പതിവ് ഇത്തവണയും മമ്മൂട്ടി തെറ്റിക്കില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. കരിയറിലെ ഐക്കോണിക് കഥാപാത്രങ്ങളെ സെക്കന്‍ഡ് പാര്‍ട്ട് ഇറക്കി ട്രോള്‍ മെറ്റീരിയലാക്കുന്ന ലിസ്റ്റിലേക്ക് കാരിക്കാമുറി ഷണ്മുഖനും കയറാന്‍ ചാന്‍സുണ്ടെന്നും കമന്റുകളുണ്ട്.

മലയാളസിനിമക്ക് നഷ്ടമായ പഴയ നൊസ്റ്റാള്‍ജിക് കാലത്തേക്ക് പ്രേക്ഷകരെ തിരിച്ചു നടത്തിക്കാനുള്ള രഞ്ജിത്തിന്റെ ശ്രമമാണ് ലോ ആന്‍ഡ് ഓര്‍ഡറെന്നും വലിയ ചെലവില്ലാത്ത ടൈം ട്രാവലാണ് ഈ സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നുമുള്ള കമന്റുകള്‍ ചിരി പടര്‍ത്തുന്നു. മഹാ സുബൈര്‍ നിര്‍മിക്കുന്ന ചിത്രം സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തും.

Content Highlight: Law and Order teaser became troll material in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം