ഹണിബീ 3 എടുക്കട്ടെ; വൈറലായി ആസിഫ് അലിയുടെ ലുക്ക്, നിവിന്‍ പോളിയോട് കണ്ടുപഠിക്കാന്‍ ആരാധകര്‍
Malayalam Cinema
ഹണിബീ 3 എടുക്കട്ടെ; വൈറലായി ആസിഫ് അലിയുടെ ലുക്ക്, നിവിന്‍ പോളിയോട് കണ്ടുപഠിക്കാന്‍ ആരാധകര്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 19th May 2026, 9:19 pm

മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. 2009 ല്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഋതുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അപൂര്‍വ്വരാഗം, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. പിന്നീട് 2016 ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം, സണ്‍ഡേ ഹോളിഡേ, ബി.ടെക്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു.

ഇപ്പോഴിതാ സിനിമയ്ക്ക് പുറത്ത് സമൂഹമാധ്യമങ്ങളില്‍ ആസിഫ് അലി സജീവമാകുന്ന കാഴ്ച്ചയ്ക്കാണ് സോഷ്യല്‍ മീഡിയ സാക്ഷ്യം വഹിക്കുന്നത്. പുതിയ ഹെയര്‍ സ്റ്റൈലില്‍ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയ ആസിഫ് അലിയുടെ ഓഫ് സ്‌ക്രീന്‍ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ടിക്കി ടാക്കയുമായി ബന്ധപ്പെട്ടാണ് താരം ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയിരിക്കുന്നത്.

ജിസ് ജോയി, ആസിഫ് അലി. Photo: X.com

സിനിമാ പേജുകളില്‍ ചിത്രം വൈറലായതോടെ താരത്തിന്റെ ഹിറ്റ് ചിത്രം ഹണിബീയിലെ ലുക്കുമായാണ് പ്രേക്ഷകര്‍ ആസിഫിനെ താരതമ്യം ചെയ്യുന്നത്. ജീന്‍ പോള്‍ ലാല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2013ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹണിബീ. ആസിഫ് അലിയ്ക്ക് മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കിടയിലേക്ക് സ്ഥാനം നേടിക്കൊടുക്കാന്‍ ചിത്രം സഹായിച്ചിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് താരം അഭിനയിച്ച ചിത്രത്തിലെ അതേ ലുക്കാണ് ഇപ്പോഴുമുള്ളതെന്ന് അറിയച്ചു കൊണ്ട് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

തന്റെ നാല്‍പ്പതാം വയസിലും സിനിമയ്ക്കായി താരം കാത്തുസൂക്ഷിക്കുന്ന ഫിറ്റ്‌നസ് നിവിന്‍ പോളി അടക്കമുള്ള താരങ്ങള്‍ക്ക് മാതൃകയാണെന്നും പലരും അഭിപ്രായപ്പെടുന്നു. അമിത ഭാരം നിയന്ത്രിക്കാനായി അഭിനേതാവെന്ന നിലയില്‍ നിവിന്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് ഇതിനോടകം തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. താരത്തിന്റെ പുറത്തിറങ്ങിയ കഴിഞ്ഞ രണ്ട് ചിത്രങ്ങളായ സര്‍വ്വം മായയിലും പ്രതിഛായയിലും ഫിറ്റ്‌നസില്ലാതെ അഭിനയിച്ചതിന് നിവിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.

ടിക്കി ടാക്ക. Photo: IMDB

രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയും പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഹൗഡിനിയുമാണ് ആസിഫിന്റെതായി വരാനിരിക്കുന്ന അടുത്ത രണ്ട് ചിത്രങ്ങള്‍. അതേസമയം ആസിഫിന്റെ ഹിറ്റ് സംവിധായകനായ ജിസ് ജോയിയുമായുള്ള ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ട് ഈ മാസം ആരംഭിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

Content Highlight: Latest Look of Asif ali goes viral on social media

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.