രണ്ടായിരങ്ങളുടെ ആരംഭത്തില്‍ മലയാള സിനിമയില്‍ ചോക്ലേറ്റ് ബോയ് എന്ന പേരിന് ഉടമയായ നായകനടനാണ് കുഞ്ചാക്കോ ബോബന്‍. 1981ല്‍ പുറത്തിറങ്ങിയ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും നായകനായുള്ള താരത്തിന്റെ ആദ്യ ചിത്രം ഫാസില്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവാണ്. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടിന് കേരളത്തില്‍ വലിയ ആരാധക പിന്തുണ ലഭിക്കുകയും ചിത്രം കേരളത്തിലെ ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്യുകയായിരുന്നു.

പിന്നീട് നക്ഷത്രതാരാട്ട്, നിറം, പ്രേം പൂജാരി തുടങ്ങിയ ചിത്രങ്ങളിലും ഈ കൂട്ടുകെട്ട് ആവര്‍ത്തിച്ചതോടെ റൊമാന്റിക് ഹീറോയായി മലയാള സിനിമയില്‍ കുഞ്ചാക്കോ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ രണ്ടായിരങ്ങളുടെ പകുതിയോടെ തുടര്‍ച്ചയായി പരാജയം നേരിട്ട കുഞ്ചാക്കോ സിനിമയില്‍ നിന്നും അവധിയെടുത്തിരുന്നു. പിന്നീട് തിരിച്ചെത്തിയ താരം റൊമാന്റിക് ഹീറോ ഴോണറില്‍ നിന്നും മാറി ഒട്ടനവധി സീരിയസ് കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

കുഞ്ചാക്കോ ബോബന്‍. Photo: Manorama Online

സമീപകാലത്തായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ പൊട്ടന്‍ഷ്യല്‍ തെളിയിക്കുന്നതായിരുന്നു. ന്നാ താന്‍ കേസ് കൊട്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വലിയ നിരൂപക പ്രശംസയായിരുന്നു താരത്തിന് നേടി നല്‍കിയത്. അടുത്തിടെ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രതിസന്ധിഘട്ടങ്ങളെ കുറിച്ചും ഇന്‍ഡസ്ട്രിയില്‍ താന്‍ പെരുമാറിയതിനെ കുറിച്ചും കുഞ്ചാക്കോ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

തനിക്ക് ശേഷം സിനിമയിലെത്തിയ അഭിനേതാക്കള്‍ തന്നെക്കാള്‍ എത്രയോ വളര്‍ന്നപ്പോഴും അവര്‍ക്ക് നല്‍കിയ പരിഗണന തനിക്കും കിട്ടണമെന്ന് ഒരിക്കലും വാശിപിടിച്ചിട്ടില്ലെന്ന് കുഞ്ചാക്കോ പറയുന്നു. അത് ഒരു കോമണ്‍സെന്‍സിന്റെ ഭാഗമാണെന്നും അവര്‍ക്ക് കിട്ടുന്ന സൗകര്യങ്ങളെല്ലാം കിട്ടിയാല്‍ മാത്രമേ താനും അഭിനയിക്കുള്ളൂ എന്ന് താന്‍ പറയില്ലെന്നും തന്റെ അവസ്ഥ എന്താണെന്ന് അറിയാമെന്നും അദ്ദേഹം പറയുന്നു. ഒരു സമയത്ത് എനിക്ക് മാര്‍ക്കറ്റ് ഇല്ലെന്നുള്ള കാര്യം അറിയാമായിരുന്നുവെന്നും ആ അവസ്ഥയില്‍ നിന്നുമാണ് താന്‍ മുന്നോട്ട് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്‍മാദം.. Photo: Moneycontrol.com

കുഞ്ചാക്കോ ബോബനെ നായകനാക്കി ഷാഹി കബീറിന്റെ തിരക്കഥയില്‍ കിരണ്‍ ദാസ് സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉന്‍മാദം. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന് ബോകസ് ഓഫീസില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതെ വന്നപ്പോഴും കുഞ്ചാക്കോ ബോബന്റെ പ്രകടനത്തിന് മികച്ച പ്രശംസയായിരുന്നു ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

Content Highlight: Kunchako Boban talks about the challenges faced by him from Industry