ആ സിനിമ പരാജയമായെന്ന് ധൈര്യമായി പറഞ്ഞോളൂ, അതിന്റെ പ്രൊഡ്യൂസര്‍ ഞാനാണ്: കുഞ്ചാക്കോ ബോബന്‍
Malayalam Cinema
ആ സിനിമ പരാജയമായെന്ന് ധൈര്യമായി പറഞ്ഞോളൂ, അതിന്റെ പ്രൊഡ്യൂസര്‍ ഞാനാണ്: കുഞ്ചാക്കോ ബോബന്‍
അമര്‍നാഥ് എം.
Saturday, 25th July 2026, 7:03 pm

ചോക്ലേറ്റ് ഹീറോയില്‍ നിന്ന് എല്ലാവരും ഞെട്ടിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തി സിനിമാലോകത്തെ സ്വയം അടയാളപ്പെടുത്തിയ നടനാണ് കുഞ്ചാക്കോ ബോബന്‍. വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളും തേടിപ്പിടിച്ച് ചെയ്ത് തന്നിലെ നടനെ തേച്ചുമിനുക്കുകയാണ് അദ്ദേഹമിപ്പോള്‍. നല്ലവനായ നായകവേഷം മാത്രം ചെയ്യാതെ ഗ്രേ ഷെയ്ഡ് വേഷങ്ങളും തന്നില്‍ ഭദ്രമാണെന്ന് കുഞ്ചാക്കോ ബോബന്‍ തെളിയിച്ചു.

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഉന്മാദം റിലീസിന് തയാറെടുക്കുകയാണ്. എഡിറ്ററായി തിളങ്ങിയ കിരണ്‍ ദാസ് ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം നല്‍കിയ അഭിമുഖം ഇപ്പോള്‍ വൈറലാണ്.

കുഞ്ചാക്കോ ബോബന്‍ Photo: Screen grab/ Mathrubhumi

അഭിമുഖത്തിനിടെ കുഞ്ചാക്കോ ബോബന്റെ മുന്‍ ചിത്രമായ ഒരു ദുരൂഹ സാഹചര്യത്തിലിനെക്കുറിച്ച് അവതാരക സംസാരിച്ചു. ആ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കുഞ്ചാക്കോ ബോബന്‍ അത് തിരുത്തുന്ന വീഡിയോയാണ് വൈറലായത്. ആ സിനിമ പരാജയമാണെന്ന് താരം സമ്മതിക്കുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍.

‘ആ പടം പരാജയമായെന്ന് ധൈര്യമായി പറഞ്ഞോളൂ. അതില്‍ ഒരു മടിയും കാണിക്കണ്ട. ആ സിനിമയുടെ പ്രൊഡ്യൂസര്‍ ഞാനാണ് (ചിരിക്കുന്നു). അത് ഹിറ്റാണോ, ഫ്‌ളോപ്പാണോ, എത്ര കളക്ഷന്‍ കിട്ടി എന്നൊക്കെ എനിക്ക് കറക്ടായി അറിയാം. ഫ്‌ളോപ്പായെന്ന് പറഞ്ഞാല്‍ ഞാന്‍ ദേഷ്യപ്പെടുകയൊന്നുമില്ല,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

തിയേറ്ററില്‍ പരാജയപ്പെട്ട ഒരു ദുരൂഹ സാഹചര്യത്തില്‍ ഒ.ടി.ടിയിലെത്തിയ ശേഷം ശ്രദ്ധ നേടിയിരുന്നു. സേതു എന്ന കഥാപാത്രത്തില്‍ നിന്ന് മാര്‍ക്കോസിലേക്ക് മാറുന്ന സീനിന് ഗംഭീര അഭിപ്രായമായിരുന്നു ലഭിച്ചത്. ഒ.ടി.ടിയിലെ സ്വീകാര്യതയെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ സംസാരിച്ചു. തിയേറ്ററില്‍ നിന് കണ്ടവര്‍ തന്നെക്കുറിച്ച് നല്ലതായിരുന്നു പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു.

‘തിയേറ്ററില്‍ നിന്ന് സിനിമ കണ്ടവര്‍ സേതുവില്‍ മാര്‍ക്കോസില്‍ നിന്ന് മാറുന്ന സീനിനെക്കുറിച്ച് നല്ലതായിരുന്നു പറഞ്ഞത്. ഒ.ടി.ടിയിലെത്തിയപ്പോള്‍ അതിന് കൂടുതല്‍ റീച്ച് കിട്ടി. എല്ലാവരും ആ പെര്‍ഫോമന്‍സിനെക്കുറിച്ച് എടുത്തുപറഞ്ഞതുകൊണ്ട് എനിക്ക് പ്രത്യേകം പി.ആര്‍ വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Content Highlight: Kunchacko Boban about Oru Durooha Sahacahryathil movie failure

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം