ഒരു വെല്ലുവിളി പോലെയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് റോള്‍ ചെയ്യുമോയെന്ന് ചോദിച്ചത്, പേടിച്ച് പിന്മാറുമെന്ന് കരുതിക്കാണും; കുഞ്ചാക്കോ ബോബന്‍
Entertainment
ഒരു വെല്ലുവിളി പോലെയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് റോള്‍ ചെയ്യുമോയെന്ന് ചോദിച്ചത്, പേടിച്ച് പിന്മാറുമെന്ന് കരുതിക്കാണും; കുഞ്ചാക്കോ ബോബന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th March 2021, 2:18 pm

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ നായാട്ടിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്നു കുഞ്ചാക്കോ ബോബന്‍. ഇരുപത് വര്‍ഷത്തിലേറെ നീണ്ട തന്റെ അഭിനയജീവിതത്തില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് നായാട്ടിലെ പ്രവീണ്‍ മൈക്കിളെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു.

മാര്‍ട്ടിന്റെ കൂടെ ഒരു പടം ചെയ്യണമെന്നത് ഏറെ നാളായുള്ള തന്റെ ആഗ്രഹമായിരുന്നുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. പ്രവീണ്‍ മൈക്കിളെന്ന കഥാപാത്രം ചെയ്യാന്‍ സാധിക്കുമോയെന്ന് ഒരു വെല്ലുവിളി പോലെയാണ് മാര്‍ട്ടിന്‍ ചോദിച്ചതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ മാര്‍ട്ടിനുമായിട്ട് കുറേ നാളുകള്‍ക്ക് മുമ്പുള്ള പരിചയമുണ്ട്. അദ്ദേഹത്തിന്റെ കൂടെ ഒരു പടം ചെയ്യണമെന്ന വലിയൊരു ആഗ്രഹം എനിക്കും ഭാര്യയ്ക്കും ഉണ്ടായിരുന്നു. മാര്‍ട്ടിന്റെ കഥയ്ക്കും കഥാപാത്രത്തിനും യോജിച്ച ആള്‍ക്കാരല്ലാതെ ആ ഏരിയയിലേക്ക് ആരെയും അടുപ്പിക്കാറില്ല.

അങ്ങനെയാണ് ‘പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രം ഉണ്ട്. ചെയ്യുന്നുണ്ടോ’ എന്ന് ഒരു വെല്ലുവിളി പോലെയോ ചലഞ്ചു പോലെയോ മാര്‍ട്ടിന്‍ ചോദിക്കുന്നത്. ഒരു പക്ഷേ, പേടിച്ചിട്ട് ഇട്ടിട്ടുപോട്ടെ എന്ന് മനസില്‍ കരുതിക്കാണും. എങ്കിലും, ആ അവസരം ഞാന്‍ ചോദിച്ചു വാങ്ങി,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

പ്രവീണ്‍ മൈക്കിളെന്ന കഥാപാത്രം തന്നെ എത്രമാത്രം സ്വാധീനിച്ചുവെന്നും അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു. എന്റെ 22-23 വര്‍ഷത്തെ അഭിനയജീവിതത്തിനിടയ്ക്ക് ഇങ്ങനത്തെ എക്‌സിപീരിയന്‍സ് ആദ്യമായിട്ടായിരുന്നു. പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രത്തിന്റെ വളര്‍ച്ച, അയാള്‍ കടന്നുപോകുന്ന വഴികളും സാഹചര്യങ്ങളും ഇമോഷന്‍സും സ്‌ട്രെസും എല്ലാ അര്‍ഥത്തിലും മനസില്‍ അറിയാതെ തന്നെ കയറുന്നുണ്ട്. അതുകൊണ്ട് നായാട്ട് എന്ന സിനിമയൊടൊപ്പം തന്നെ പ്രവീണ്‍ മൈക്കിള്‍ എന്ന കഥാപാത്രവും അറിഞ്ഞോ അറിയാതെയോ മനസില്‍ ഒരു മുറുക്കമായിട്ട് ഇരിക്കുന്നുണ്ടെന്നും കുഞ്ചാക്കോ പറഞ്ഞു.

ചാര്‍ളിക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ഏപ്രില്‍ എട്ടിനാണ് തിയേറ്ററുകളിലെത്തുന്നത്. നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊലീസ് കഥാപാത്രങ്ങളായാണ് മൂവരും എത്തുന്നത്. പൊലീസ് യൂണിഫോം അണിഞ്ഞുനില്‍ക്കുന്ന പുതിയ പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളായിരുന്നു ലൊക്കേഷനുകള്‍.

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത്. നായാട്ട് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബന്‍ നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിലെ തന്റെ വേഷമായ മൈക്കിള്‍ പ്രവീണ്‍ ആവാന്‍ കുറച്ചധികം ശ്രമം വേണ്ടിവന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു.

നേരത്തെ നായാട്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് പൃഥ്വിരാജായിരുന്നു. മലയാള സിനിമ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രത്തില്‍ ഒന്നായിരിക്കും നായാട്ട് എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്. കൂടെ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് രഞ്ജിത്ത് നായാട്ടിനെ കുറിച്ച് പറഞ്ഞതെന്നും അന്നുമുതല്‍ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നെന്നും നടന്‍ പറയുന്നു. മികച്ച ടീമാണ് നായാട്ടിന്റെ അണിയറിയിലുള്ളതെന്നും പൃഥ്വിരാജ് പറയുന്നു.

പുറത്തുവന്ന രണ്ട് പോസ്റ്ററുകളിലും കുഞ്ചാക്കോ ബോബന്റെയും ജോജുവിന്റെയും നിമിഷയുടെയും മുഖഭാവങ്ങള്‍ നിഗൂഢ സ്വഭാവമുള്ള ചിത്രമായിരിക്കും നായാട്ടെന്ന സൂചനകള്‍ നല്‍കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kunchacko Boban about his character in Nayattu movie and director Martin Prakkat