കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
Kerala News
കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th March 2021, 8:23 am

കോഴിക്കോട്: പ്രശസ്ത കഥകളി കലാകാരനും ആചാര്യനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസ്സായിരുന്നു. കോഴിക്കോട് കൊയിലാണ്ടിയിലെ ചേലിയയിലുള്ള വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

എണ്‍പത് വര്‍ഷത്തിലേറെയായി കലാരംഗത്ത് സജീവസാന്നിധ്യമായ കുഞ്ഞിരാമന്‍ നായര്‍ കഥകളിയിലും കേരള നടനത്തിലും മറ്റു നൃത്തരൂപങ്ങളിലും തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിരുന്നു. കലാരംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് 2017ല്‍ പദ്മശ്രീ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

1979ല്‍ നൃത്തത്തിനുള്ള അവാര്‍ഡിനും 1990ല്‍ നൃത്തത്തിനും കഥകളിക്കും കൂടിയും കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും നല്‍കിയിരുന്നു. കഥകളിയിലെ അതുല്യമായ സംഭാവനകള്‍ക്ക് 2001ല്‍ കേരള കലാമണ്ഡലം അവാര്‍ഡും അദ്ദേഹം നേടിയിരുന്നു. സിനിമയിലും കുഞ്ഞിരാമന്‍ നായര്‍ അഭിനിയിച്ചിരുന്നു.

കലാമേഖലയിലെ അനവധി പ്രതിഭകളുള്‍പ്പെടെ വലിയ ശിഷ്യസമ്പത്തുള്ള ഗുരു കൂടിയാണ് ചേമഞ്ചേരി. അസാമാന്യ പ്രതിഭയായി അറിയിപ്പെട്ടിരുന്ന കുഞ്ഞിരാമന്‍ നായരുടെ വിയോഗം കഥകളിലോകത്തിന് വലിയ നഷ്ടമാണെന്ന് നിരവധി പേര്‍ പ്രതികരിച്ചു.