അദ്ദേഹത്തെ തഴഞ്ഞത് എന്തുകൊണ്ടെന്നാണ് മനസിലാകുന്നില്ല, സൈലന്റ് കില്ലറാണ് അദ്ദേഹം; ക്രിസ് ശ്രീകാന്ത്
Cricket
അദ്ദേഹത്തെ തഴഞ്ഞത് എന്തുകൊണ്ടെന്നാണ് മനസിലാകുന്നില്ല, സൈലന്റ് കില്ലറാണ് അദ്ദേഹം; ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Saturday, 25th July 2026, 11:44 am

ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ ക്രിസ് ശ്രീകാന്ത്. രവീന്ദ്ര ജഡേജയെ പൂര്‍ണമായും തഴഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും 2023 ലോകകപ്പില്‍ ജഡേജ അസാധാരണ പ്രകടനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏകദിന ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും എന്നിട്ടും താരത്തിന് അവസരം നല്‍കുന്നില്ലെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

‘രവീന്ദ്ര ജഡേജയെ പൂര്‍ണമായും തഴഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. 2023 ലോകകപ്പില്‍ അദ്ദേഹം അസാധാരണ പ്രകടനമാണ് കാഴ്ചവെച്ചത്. ശബ്ദമില്ലാതെ എതിരാളികളെ തകര്‍ക്കുന്ന ഒരു ‘സൈലന്റ് കില്ലര്‍’ ആണ് അദ്ദേഹം.

ഏകദിന ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. എന്നിട്ടും ഇപ്പോള്‍ ഏകദിന ടീമില്‍ അദ്ദേഹത്തിന് അവസരമില്ല. ടെസ്റ്റ് ക്രിക്കറ്റിലും അപൂര്‍വമായേ കളിക്കാറുള്ളൂ. എന്നാല്‍ അവസരം ലഭിക്കുമ്പോഴൊക്കെ മത്സരവിജയം സമ്മാനിക്കുന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുക്കുന്നത്.

എന്റെ അഭിപ്രായത്തില്‍, മികച്ച പ്രകടനം തുടര്‍ന്നാല്‍ ജഡേജ ഇന്ത്യന്‍ ടീമിന്റെ പദ്ധതികളിലും സ്‌ക്വാഡിലും തീര്‍ച്ചയായും ഇടം നേടേണ്ട താരമാണ്,’ ക്രിസ് ശ്രീകാന്ത് ചീക്കി ചീക്ക എന്ന തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.രവീന്ദ്ര ജഡേജ

2023 ഏകദിന ലോകകപ്പില്‍ ജഡേജ 11 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റുകളാണ് നേടിയത്. ബാറ്റിങ്ങില്‍ നിന്ന് 120 റണ്‍സും താരം നേടി. ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഏഴ് ക്യാച്ചുകളാണ് താരം നേടിയത്. 2025 ചാമ്പ്യന്‍സ് ട്രോഫിയിലും ജഡേജ നിര്‍ണായക പ്രകടനം നടത്തിയിരുന്നു.

ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള താരമാണ് ജഡേജ. 142 ഇന്നിങ്‌സുകളില്‍ കളിച്ച ഓള്‍റൗണ്ടര്‍ 2905 റണ്‍സും 232 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 13 അര്‍ധ സെഞ്ച്വറികള്‍ അടിച്ച 37കാരന്‍ രണ്ട് തവണ 50 ഓവര്‍ ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

അതേസമയം, 2027 ഒക്ടോബര്‍ നാല് മുതല്‍ നവംബര്‍ 27 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക. ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ടീമിന്റെ ഭാഗമാകാന്‍ ജഡേജയ്ക്ക് സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Kris Srikkanth Talking About Ravindra Jadeja

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ