കൊല്‍ക്കത്തയ്ക്ക് തിരിച്ചടികളുടെ ഘോഷയാത്ര; 18 കോടിയുടെ താരത്തിനും പണി കിട്ടിയോ?
Cricket
കൊല്‍ക്കത്തയ്ക്ക് തിരിച്ചടികളുടെ ഘോഷയാത്ര; 18 കോടിയുടെ താരത്തിനും പണി കിട്ടിയോ?
ശ്രീരാഗ് പാറക്കല്‍
Thursday, 19th March 2026, 10:36 pm

ഐ.പി.എല്‍ 2026ന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വമ്പന്‍ തിരിച്ചടി. പരുക്കിനെത്തുടര്‍ന്ന് കെ.കെ.ആറിന്റെ ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാനക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഐ.പി.എല്ലില്‍ കളിക്കാനുള്ള അനുമതി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തടഞ്ഞിരിക്കുകയാണ്.

2026ലെ ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ തുടയിലേറ്റ പരിക്കാണ് പതിരാനയ്ക്ക് തിരിച്ചടിയായത്. ലോകകപ്പിലെ മറ്റ് മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. 18 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ലങ്കന്‍ പേസര്‍ എപ്പോള്‍ ടീമിനൊപ്പമെത്തുമെന്ന് വ്യക്തമല്ല.

മതീഷ പതിരാന

പതിരാനയ്ക്ക് വേണ്ടി വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും പിന്നീട് റദ്ദാക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഇതിനിടയില്‍ താരത്തിന് ഫിറ്റ്‌സ് ക്ലിയറന്‍ ലഭിച്ചെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ താരത്തിന്റെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ച് ഔദ്യോഗികമായ ഒരു വിവരവും ലഭിച്ചിട്ടില്ല.

പതിരാനയ്ക്ക് പുറമെ ടീമിലെ വിശ്വസ്തതനായ ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണയ്ക്ക് പരുക്കേറ്റതും കൊല്‍ക്കത്തയ്ക്ക് തിരിച്ചടിയാണ്. പരുക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ഈ സീസണ്‍ നഷ്ടമാകും. കൂടാതെ, ലേലത്തില്‍ ടീമിലെടുത്ത ബംഗ്ലാദേശ് താരം മുസ്തഫിസൂര്‍ റഹ്‌മാനെ ബി.സി.സി.ഐ നിര്‍ദേശപ്രകാരം ടീമില്‍ നിന്ന് റിലീസ് ചെയ്യേണ്ടി വന്നിരുന്നു.

നിലവില്‍ കെ.കെ.ആര്‍ ടീമിലെ ഏക വിദേശ പേസര്‍ സിംബാബ്‌വേ താരം ബ്ലെസിങ് മുസാരബാനി മാത്രമാണ്. മാര്‍ച്ച് 31ന് പഞ്ചാബ് കിങ്സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. അതിന് മുമ്പ് പേസ് നിരയിലെ ഈ വിടവ് എങ്ങനെ നികത്തുമെന്നത് ടീമിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

Content Highlight: KKR Have Huge Set Back Ahead IPL 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ