കേരളത്തില്‍ ഓരോ വര്‍ഷം ഓരോ മുഖ്യമന്ത്രിമാര്‍; കോണ്‍ഗ്രസിന് ജനങ്ങളെ വഞ്ചിക്കാന്‍ മാത്രമേ അറിയൂ: മോദി
India
കേരളത്തില്‍ ഓരോ വര്‍ഷം ഓരോ മുഖ്യമന്ത്രിമാര്‍; കോണ്‍ഗ്രസിന് ജനങ്ങളെ വഞ്ചിക്കാന്‍ മാത്രമേ അറിയൂ: മോദി
നിഷാന. വി.വി
Monday, 11th May 2026, 7:27 am

ബെംഗളൂരു: കോണ്‍ഗ്രസ് വഞ്ചനയുടെ പാര്‍ട്ടിയാണെന്നും വാഗ്ദാനങ്ങള്‍ വെറും നുണയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് സഖ്യ കക്ഷികളെ വഞ്ചിക്കുകയാണെന്നും മോദി പറഞ്ഞു.

ആര്‍ട്ട് ഓഫ് ലിവിങിന്റെ 45ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരൂവില്‍ എത്തിയ പ്രധാനമന്ത്രിക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ഡി.എം.കെയുടെ കരുത്തിലാണ് തമിഴ്‌നാട്ടില്‍ അതിജീവിച്ചിരുന്നതെന്നും എന്നാലിപ്പോള്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയപ്പോള്‍ പിന്നില്‍ നിന്നും കുത്തിയെന്നും മോദി പറഞ്ഞു.

കേരളത്തില്‍ പുതിയ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് വൈകുന്നതിനെയും മോദി പരിഹസിച്ചു. ഇത്രയും വലിയ ഭൂരിപക്ഷം നേടിയിട്ടും കോണ്‍ഗ്രസിന് മന്ത്രി സഭ രൂപീകരിക്കാന്‍ കഴിയാത്തതെന്തുകൊണ്ടെന്നും മോദി ചോദിച്ചു.

കേരളത്തില്‍ അഞ്ച് വര്‍ഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാരെയോ രണ്ടര വര്‍ഷം വീതം കാലാവധിയില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ വീതമോ തെരഞ്ഞെടുക്കണമെന്നും മോദി ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചു.

കേരളത്തില്‍ എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം ലഭിച്ച് സര്‍ക്കാരുണ്ടാക്കുന്ന കാലം വിദൂരമല്ലെന്നും മോദി പറഞ്ഞു. മുമ്പ് ഉണ്ടായിരുന്ന ഒരു എം.എല്‍.എയില്‍ നിന്ന് മൂന്നായി വര്‍ധിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കോണ്‍ഗ്രസിന് ജനങ്ങളെ വഞ്ചിക്കുന്നത് എങ്ങനെയെന്ന് മാത്രമേ അറിയൂ എന്നും കര്‍ണാടകയില്‍ ഭരണ വിരുദ്ധ വികാരം ശക്തമാണെന്നും മോദി ആരോപിച്ചു. കര്‍ണാടകയില്‍ ബി.ജെ.പിക്ക് അനുകൂലമായ വലിയ ജനപിന്തുണയുണ്ടെന്നും കാവി തരംഗം ആഞ്ഞടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഛത്തിസ്ഗഢ്, രാജസ്ഥാന്‍, കര്‍ണാടക, എന്നിവിടങ്ങിള്‍ കോണ്‍ഗ്രസ് സ്വന്തം നേതാക്കളെ വഞ്ചിച്ചുവെന്നും ആദ്യം വാഗ്ദാനങ്ങള്‍ നല്‍കി പിന്നീട് നിരസിക്കുകയാണെന്നും മോദി ആരോപിച്ചു.

പശ്ചിമ ബംഗാളില്‍ ബി.ജെ.പി നേടിയ വിജയത്തെ കര്‍ണാടകയിലെ പ്രവര്‍ത്തകരുടെ വിജയമായാണ് കാണുന്നതെന്നും മോദി പറഞ്ഞു.

10 വര്‍ഷം മുമ്പ് 3 എം.എല്‍.എമാരുണ്ടായിരുന്നിടത്ത് നിന്ന് 200 എം.എല്‍.എമാരുമായി ബംഗാളില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നും മോദി പറഞ്ഞു.

Content Highlight: Kerala has different Chief Ministers every year; Congress only knows how to deceive people: Modi

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.