കൊച്ചി:ഗോവയ്ക്ക് എതിരായ മത്സരത്തിന് മുന്നോടിയായി ഐ.എസ്.എല്‍ അധികൃതര്‍ക്കെതിരെ വിമര്‍ശനവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. മത്സര ഫിക്ചറിനെതിരെയാണ് ജെയിംസ് രംഗത്തെത്തിയത്.

പതിനൊന്ന് ദിവസത്തിനിടെ നാല് എവേ മത്സരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. അഞ്ചാമത്തെ മത്സരത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയ്‌ക്കെതിരെ ഇറങ്ങുന്നത്. ” കളികള്‍ വേഗത്തിലാണ് വരുന്നത്. ഇത് ഞങ്ങളുടെ ഏറ്റവും നിര്‍ണ്ണായകവും കഠിനവുമായ ഘട്ടമാണ്. എല്ലാ ടീമിനും ഇതുപോലൊരു ഘട്ടത്തിലൂടെ കടന്നു പോകേണ്ടി വരുമെന്ന് തോന്നുന്നു. എല്ലാ മത്സരത്തിലും ഞങ്ങളുടെ നൂറ് ശതമാനം പുറത്തെടുക്കാന്‍ ശ്രമിക്കാറുണ്ട്.” ജെയിംസ് പറയുന്നു.

“കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു ഓള്‍ ഇന്ത്യ ടൂര്‍, നന്നായി ആസ്വദിച്ചു” എന്നായിരുന്നു മത്സര ഷെഡ്യൂളിനെ വിമര്‍ശിച്ചു കൊണ്ടുള്ള ഡേവിഡിന്റെ പരിഹാസം. നേരത്തേയും മത്സര ഷെഡ്യൂളിനെതിരെ ഡേവിഡ് രംഗത്തെത്തിയിരുന്നു. ജംഷഡ്പൂര്‍ എഫ്.സിയ്‌ക്കെതിരായ മത്സരത്തിന് മതിയായ മുന്‍ കരുതലെടുക്കാന്‍ കഴിയാത്തതും താരങ്ങള്‍ക്ക് പെട്ടെന്ന് പരുക്കേല്‍ക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ഇന്ന് ഗോവയോടു കണക്ക് തീര്‍ക്കാന്‍ ഇറങ്ങുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. ഗോവയ്‌ക്കെതിരായ മത്സരം കഠിനമായിരിക്കുമെങ്കിലും ഹോം ഗ്രൗണ്ടില്‍ വിജയം നേടാന്‍ ടീം ശ്രമിക്കുക തന്നെ ചെയ്യുമെന്ന് ഡേവിഡ് ജെയിംസ് പറയുന്നു.

“അതേ കളിക്കാര്‍ തന്നെയായിരിക്കാം പക്ഷെ കഴിഞ്ഞ തവണ കണ്ടപ്പോളുള്ള ടീമല്ല ബ്ലാസ്‌റ്റേഴ്‌സ്, മികച്ചൊരു ട്രിപ്പ് കഴിഞ്ഞ് എത്തിയിരിക്കുകയാണ് ഞങ്ങള്‍. തോ്ല്‍വിയിലും പ്രകടനം എന്നെ സന്തോഷിപ്പിക്കുന്നതായിരുന്നു. ഒരുപാട് പോസിറ്റീവ് ഘടകങ്ങളുണ്ടായിരുന്നു.” ജെയിംസ് പറയുന്നു.

“ഫുട്‌ബോളിനെ ആദ്യ നിയമം മത്സരഫലത്തെ മനസിലാക്കുക എന്നതാണ്. എന്തുകൊണ്ടാണ് ജയിച്ചത് അല്ലെങ്കില്‍ തോറ്റത് എന്ന് പഠിക്കണം. ഗോവയില്‍ ഞാനുണ്ടായിരുന്നില്ല. പക്ഷെ തങ്ങളെന്താണ് ചെയ്യുന്നതെന്ന് താരങ്ങള്‍ക്ക് അറിയാം. അവരെ തയ്യാറാക്കുകയാണ് എന്റെ പണി. മത്സരം കഠിനമായിരിക്കും പക്ഷെ മൂന്ന് പോയന്റ ഞങ്ങള്‍ക്ക് നേടേണ്ടതുണ്ട്.” ജെയിംസ് കൂട്ടിച്ചേര്‍ത്തു.

ടീം ജയിക്കാനായി പോരാടും പക്ഷെ വിജയം ഗ്യാരണ്ടി പറയാനൊന്നും സാധിക്കില്ലെന്നും ജെയിംസ് വ്യക്തമാക്കുന്നു. ജെഷംഡ്പൂരിനെതിരായ അവസാന മത്സരത്തെ കുറിച്ച് ഓര്‍ക്കുന്നില്ലെന്നും അത് കഴിഞ്ഞ കഥയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.