മുസ്‌ലിം ലീഗിനെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ശോഭാ സുരേന്ദ്രന്‍
Kerala News
മുസ്‌ലിം ലീഗിനെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ശോഭാ സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th February 2021, 10:49 am

കോഴിക്കോട്: മുസ്‌ലിം ലീഗിനെ  എന്‍.ഡി.എ സംഖ്യ കക്ഷിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭയുടെ പ്രതികരണം. മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ മുസ്‌ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എ യോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

കശ്മീരില്‍ ബി.ജെ.പി. അവിടുത്തെ നാഷണല്‍ കോണ്‍ഫ്രന്‍സുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്‌ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ് ശോഭ പറഞ്ഞു.

എല്ലാവരെയും ദേശീയധാരയിലേക്ക് കൊണ്ടുവരുകയെന്നതാണ് ബി.ജെ.പി.യുടെ ശ്രമം. അപ്പോള്‍ ലീഗ് വരാന്‍ തയ്യാറായാല്‍ അവര്‍ ദേശീയത ഉള്‍ക്കൊണ്ടുകൊണ്ടാവുമല്ലോ വരികയെന്നും അവര്‍ ചോദിച്ചു.

താന്‍ ബി.ജെ.പി വിടുമെന്നത് ശക്തമായ ഗൂഡാലോചനയുടെ ഭാഗമായാണ് പ്രചരിച്ചതെന്നും ഏതെങ്കിലും മാര്‍ക്സിസ്റ്റ് നേതാവുമായി നേരിട്ടോ ഫോണിലോ സംസാരിച്ചിട്ടില്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

താന്‍ ഇത്തരത്തില്‍ ചിന്തിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിനുപിന്നില്‍ ആസൂത്രണമുണ്ടെന്നും. ഈ ഗൂഡാലോചനയുടെ വ്യക്തമായ തെളിവുകള്‍ കിട്ടാത്തതുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights:  Kerala BJP Leader Sobha Surendran welcomes Muslim League party to NDA