ചാനല്‍ ചര്‍ച്ചക്കിടെ വാക്കുതര്‍ക്കം; ബി.ജെ.പി നേതാവിനെ ചെരുപ്പൂരി തല്ലി
national news
ചാനല്‍ ചര്‍ച്ചക്കിടെ വാക്കുതര്‍ക്കം; ബി.ജെ.പി നേതാവിനെ ചെരുപ്പൂരി തല്ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th February 2021, 9:24 am

അമരാവതി: ചാനല്‍ ചര്‍ച്ചക്കിടെയുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ബി.ജെ.പി നേതാവിനെ ചെരുപ്പൂരി തല്ലി പാനലിസ്റ്റ്. തെലുങ്കു വാര്‍ത്ത ചാനലായ എ.ബി.എന്‍ ആന്ധ്രാ ജ്യോതി ടി.വി ചാനലില്‍ നടന്ന ചര്‍ച്ചിക്കിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

അമരാവതി തര്‍ക്കം വിഷയത്തിലായിരുന്നു ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ചര്‍ച്ചക്കിടെ ആന്ധ്രാപ്രദേശ് ബി.ജെ.പി ജനറല്‍ സെക്രട്ടറി എസ്. വിഷ്ണുവര്‍ധന്‍ റെഡ്ഡിയും അമരാവതി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗമായ ശ്രീനിവാസ റാവുവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു.

തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ശ്രീനിവാസ റാവു വിഷ്ണുവര്‍ധന്‍ റെഡ്ഡിയെ ചെരുപ്പൂരിയടിച്ചു. അവതാരകന്‍ പര്‍വതനേനി വെങ്കട്ട കൃഷ്ണ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ചര്‍ച്ചയിലെ ഈ തല്ലുന്ന ഭാഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയ ബി.ജെ.പി ടി.ഡി.പിയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു. അല്ലെങ്കില്‍ തങ്ങളെപ്പോലെ സംഭവത്തെ അപലപിക്കണമെന്നും ആന്ധ്രാപ്രദേശില്‍ നിന്നുള്ള ബി.ജെ.പി രാജ്യസഭാംഗം ജി.വി.എല്‍ നരസിംഹ റാവു ആവശ്യപ്പെട്ടു.

ശ്രീനിവാസ റാവു ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിശ്വസ്തനാണെന്നും അതിനാലാണ് ബി.ജെ.പി നേതാവിനെ തല്ലിയതെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. ഈ ആരോപണങ്ങളോട് ടി.ഡി.പി നേതൃത്വം പ്രതികരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: BJP leader slapped with chappal in Channel discussion-video goes viral