പാചകവാതക വില വീണ്ടും കൂട്ടി; താങ്ങാനാകില്ലെന്ന് ജനങ്ങള്‍
Kerala News
പാചകവാതക വില വീണ്ടും കൂട്ടി; താങ്ങാനാകില്ലെന്ന് ജനങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th February 2021, 8:36 am

കൊച്ചി: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് പാചകവാതത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.

ഫെബ്രുവരി 14ന് സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. ഏറ്റവും പുതിയ വര്‍ധനവ് കൂടി കണക്കിലെടുത്താല്‍ 2021ല്‍ മാത്രം നാല് തവണയാണ് ഗ്യാസിന്റെ വില കൂട്ടിയത്.

ഡിസംബര്‍ മാസത്തില്‍ രണ്ട് തവണ പാചകവാതകത്തിന് വില കൂട്ടിയിരുന്നു. ഡിസംബര്‍ ഒന്നിനും 16നും 50 രൂപ വീതമായിരുന്നു കൂട്ടിയത്. പുതുക്കിയ നിരക്ക് കൂടി വന്നതോടെ കൊച്ചിയില്‍ സിലിണ്ടറിന് 801 രൂപയായി.

ഇന്ധനവിലയില്‍ തുടര്‍ച്ചയായി ഉണ്ടായ വര്‍ധനവ് ജീവിതച്ചെലവുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ പാചകവാതക വിലയും വര്‍ധിപ്പിച്ചിരിക്കുന്നത്. പാചകവാതക വില വര്‍ധനവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ 7 പൈസയായി. കൊച്ചിയില്‍ പെട്രോളിന് 91 രൂപ 48 പൈസയാണ് വില.

ഡീസല്‍ വിലയും കുതിച്ചുയര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് 87 രൂപ 6 പൈസയും കൊച്ചിയില്‍ 91 രൂപ 48 പൈസയുമാണ് ഡീസലിന്റെ വില.

ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോള്‍ വില 100 രൂപ കടന്നിട്ടുണ്ട്. ഇന്ധന വിലയില്‍ വര്‍ധനവുണ്ടായതോടെ പച്ചക്കറിയടക്കമുള്ള മറ്റ് അവശ്യവസ്തുക്കളുടെയും വില വര്‍ധിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlight: LPG Gas cylinder Price hike again