ജമാല്‍ ഖഷോഗ്ജി വധം; അതീവ രഹസ്യ രേഖകള്‍ പുറത്ത്; വിരല്‍ ചൂണ്ടുന്നത് സല്‍മാന്‍ രാജകുമാരനിലേക്ക്
World News
ജമാല്‍ ഖഷോഗ്ജി വധം; അതീവ രഹസ്യ രേഖകള്‍ പുറത്ത്; വിരല്‍ ചൂണ്ടുന്നത് സല്‍മാന്‍ രാജകുമാരനിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th February 2021, 8:38 am

റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്താന്‍ സൗദി ഏജന്റുമാര്‍ ഉപയോഗിച്ച രണ്ട് സ്വകാര്യ ജെറ്റുകള്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പിടിച്ചെടുത്തവയാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ജെറ്റുകള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വന്തമാക്കിയിട്ട് ഒരു വര്‍ഷത്തിനുള്ളിലാണ് കൊലപാതകം നടന്നതെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌കൈ പ്രൈം ഏവിയേഷന്റേതാണ് ഈ ജെറ്റുകള്‍. മുന്‍ സൗദി ഉദ്യോഗസ്ഥന്‍ സാദ് അല്‍- ജബ്രിയുടെ കേസില്‍ വാദം കേള്‍ക്കവെ കനേഡിയന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതീവ രഹസ്യമായിട്ടാണ് സ്‌കൈ പ്രൈം ഏവിയേഷന്റ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തത്. ധൃതിപ്പെട്ടാണ് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ എല്ലാം ചെയ്തു തീര്‍ത്തതും.

400 ബില്ല്യണ്‍ ഡോളറിന്റെ ഡീലായിരുന്നു നടന്നത്. ജമാല്‍ ഖഷോഗ്ജി വധത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരായുള്ള പ്രധാന തെളിവായി ഈ രഹസ്യ രേഖകള്‍ മാറിയേക്കാമന്നാണ് നിരീക്ഷണങ്ങള്‍.

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ വിശദീകരണം തേടി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൗദി അറേബ്യയിലേക്ക്
ഉടന്‍ വിളിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ അമേരിക്ക ഉടന്‍ പുറത്തുവിടുമെന്നും ഇതിന് പിന്നാലെ സൗദിയിലേക്ക് വിളിക്കുമെന്നുമാണ് നിലവില്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൗദി രാജാവ് സല്‍മാന്‍ അബ്ദുള്ള അസീസിനെയാണ് വിളിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദി രാജാവിന്റെ മക്കളില്‍ ഒരാള്‍ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ പിടിവീഴുമെന്നും ആക്സിയോസ് മാധ്യമ സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പേര് പരാമര്‍ശിക്കാതെയാണ് സല്‍മാന്‍ രാജാവിന്റെ മക്കളില്‍ ഒരാള്‍ക്ക് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പിടിവീഴുമെന്ന് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്താംബുളില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ബൈഡന്‍ അധികാരത്തിലേറിയാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു.

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് മുതിര്‍ന്ന ഡെമോക്രാറ്റിക്ക് നേതാവും ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനുമായ ആദം ഷിഫ് ആവശ്യപ്പെട്ടിരുന്നു.

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ അവ്റില്‍ ഹൈന്‍സിന് ഇതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചിരുന്നു.

ഖഷോഗ്ജിയുടെ മരണത്തില്‍ പങ്കുള്ള സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം പേരുകള്‍ വെളിപ്പെടുത്തുമെന്നും കൊലപാതകവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നും ഹൈന്‍സ് പറഞ്ഞിരുന്നു.
നേരത്തെയും കോണ്‍ഗ്രസ് ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിസമ്മതിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഇന്റലിജന്‍സ് സോഴ്സുകളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

ഖഷോഗ്ജിയുടെ കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടതിന് ശേഷമാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്നും എന്നാല്‍ രാജ്യത്തിന്റെ നേതൃത്വത്തിന്റ അറിവില്ലാതെയാണ് കൊലപാതകം നടന്നത് എന്നും സൗദി പറഞ്ഞത്. ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര തലത്തിലും സൗദിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സൗദി രാജകുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ചതും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlight: Saudi News: ‘Top Secret’ Saudi documents show Khashoggi assassins used company seized by Saudi crown prince