നിന്റെ കൂടെയൊന്നും ഞാന്‍ അഭിനയിക്കില്ല, എന്നെ അതിനൊന്നും കിട്ടില്ലെന്നാണ് കഥ കേട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞത്: കെന്‍ കരുണാസ്
Indian Cinema
നിന്റെ കൂടെയൊന്നും ഞാന്‍ അഭിനയിക്കില്ല, എന്നെ അതിനൊന്നും കിട്ടില്ലെന്നാണ് കഥ കേട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞത്: കെന്‍ കരുണാസ്
അമര്‍നാഥ് എം.
Friday, 3rd April 2026, 9:04 am

തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് യൂത്ത്. ബാലതാരമായി സിനിമയിലേക്കെത്തിയ കെന്‍ കരുണാസ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ 70 കോടിയിലേറെയാണ് യൂത്ത് സ്വന്തമാക്കിയത്.

ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രത്തില്‍ കെന്‍ തന്നെയാണ് നായകനായും വേഷമിട്ടത്. കൗമാര പ്രണയവും അതുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളും കോമഡിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

കെന്‍ അവതരിപ്പിച്ച പ്രവീണ്‍ എന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് സുരാജ് വെഞ്ഞാറമൂട് വേഷമിട്ടത്. തമിഴില്‍ ഒരുപാട് നടന്മാരുണ്ടായിട്ടും സുരാജ് വെഞ്ഞാറമൂടിനെ തെരഞ്ഞെടുത്തതിനെക്കുറിച്ചും ചിത്രത്തിന്റെ ഷൂട്ടിനെക്കുറിച്ചും കെന്‍ സംസാരിച്ചു. വികൃതി എന്ന ചിത്രത്തിലെ പ്രകടനം കണ്ടിട്ടാണ് താന്‍ സുരാജിനെ തെരഞ്ഞെടുത്തതെന്നും കെന്‍ പറയുന്നു. സിനി ഉലഗത്തോട് സംസാരിക്കുകയായിരുന്നു താരം.

‘തമിഴില്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകളുണ്ടെന്ന് അറിയാം. പക്ഷേ, ആദ്യത്തെ സിനിമയില്‍ എല്ലാം ടോപ് ബെസ്റ്റ് തന്നെ വേണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് എല്ലാ കാസ്റ്റിങ്ങും ഓക്കെയായിട്ടും അച്ഛന്റെ ക്യാരക്ടര്‍ ചെയ്യുന്ന ആര്‍ട്ടിസ്റ്റില്‍ മാത്രം ഒരു തീരുമാനമാകാതെ നിന്നു. ‘നിന്റെ ആദ്യത്തെ സിനിമയാണ്, പിന്നീട് എന്തെങ്കിലും മാറ്റം വരുത്താമായിരുന്നു എന്ന് ചിന്തിക്കാന്‍ പാടില്ല’ എന്ന് വെട്രിമാരന്‍ സാര്‍ ഉപദേശം തന്നു. അതും മനസിലുണ്ടായിരുന്നു.

അച്ഛനോട് ഈ കഥ പറഞ്ഞു. അദ്ദേഹം ഈ സിനിമയില്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. കഥ കേട്ടയുടനെ അച്ഛന്‍ പറഞ്ഞത് ‘നിന്റെ കൂടെയൊന്നും ഞാന്‍ അഭിനയിക്കില്ല. എന്നെ അതിനൊന്നും കിട്ടില്ല, വേറെ ആരെയെങ്കിലും നോക്കിക്കോ’ എന്നായിരുന്നു. അങ്ങനെയാണ് പിന്നീട് സുരാജ് സാറിലേക്ക് എത്തിയത്,’ കെന്‍ കരുണാസ് പറയുന്നു.

ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സുരാജിലേക്ക് എത്തിയതെന്നും താരം പറഞ്ഞു. തമിഴില്‍ അഭിനയിക്കില്ലെന്ന് ആദ്യം കേട്ടിരുന്നെങ്കിലും വീര ധീര സൂരന്‍ എന്ന ചിത്രം റിലീസായത് തനിക്ക് ആശ്വാസമായെന്നും കെന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയിലുടനീളം സുരാജ് വെഞ്ഞാറമൂട് തനിക്ക് നല്‍കിയ സപ്പോര്‍ട്ട് ഗംഭീരമായിരുന്നെന്നും കെന്‍ പറയുന്നു.

Content Highlight: Ken Karunas shares the pre production experience of Youth movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം